തൃശൂര്‍: കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചിട്ട സംഭവത്തില്‍ സൂത്രധാരന്‍ അയല്‍വാസിയാണെന്ന മുഖ്യപ്രതിയും ഭൂവുടമയുമായ മണിയഞ്ചിറ റോയിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
സംഭവം പുറത്തറിഞ്ഞതോടെ അയല്‍വാസി ഒളിവിലാണ്. ഇയാളും പ്രതിപ്പട്ടികയിലുണ്ട്.സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും റോയി വനംവകുപ്പിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് വിശ്വസിച്ചിട്ടില്ല.
കാട്ടാനയുടെ ജഡം കണ്ടെടുക്കുന്ന ഈ മാസം 14ന് താനും മറ്റൊരു സുഹൃത്തുമായി യാത്രയിലായിരുന്നുവെന്നാണ് റോയുടെ മൊഴി. ആനയെ കുഴിച്ചിട്ട സ്ഥലത്തിന്റെ ഉടമയെന്ന നിലയില്‍ അധികൃതരെ അറിയിക്കാതിരുന്നത് തെറ്റാണെന്നും റോയ് മൊഴി നല്കി.
താനും സുഹൃത്തുക്കളുമായി എസ്റ്റേറ്റില്‍ ഒത്തുകൂടാറുണ്ട്. എന്നാല്‍ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ല. കേട്ടറിവ് മാത്രമാണുള്ളത്.
കാട്ടാനയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അയല്‍വാസിയാണെന്നാണ് റോയിയുടെ ആരോപണം. എന്നാല്‍ മൊഴി മുഖവിലക്കെടുക്കാനാവാത്തതാണെന്നും മറുപടികള്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് വനംവകുപ്പിന്റെ നിലപാട്.
ഒളിവിലായിരുന്ന ഭൂവുടമ റോയിയും സുഹൃത്ത് കൂട്ടാളി മുള്ളൂര്‍ക്കര മുതുപാലക്കല്‍ വീട്ടില്‍ ജോബിയും കഴിഞ്ഞ ദിവസാണ് മച്ചാട് റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്.
ഈ മാസം 14 നാണ് റോയിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്.
കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്ക്കാന് ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്.
നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സ്ഥലമുടമ റോയിയുടെ ഒപ്പം ചേര്‍ന്ന് ആനയെ കുഴിച്ചിട്ട കുമളിയില്‍ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളാകും.
അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്ക്കാന് ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖില്‍ മുറിച്ചെടുത്തതെന്നാണ് ഇയാളുടെ മൊഴി.