നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര നദി അനായാസം നീന്തിക്കയറുന്ന ആനക്കൂട്ടത്തെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാധാരണ ആനക്കൂട്ടങ്ങളിൽ അഞ്ച് മുതല്‍ 15 വരെ അംഗങ്ങളെവരെയാണു കാണാറുള്ളതെങ്കിൽ പുഴ കടക്കാൻ വന്ന കൂട്ടത്തിൽ ചെറുതും വലുതുമായ നൂറിലേറെ ആനകൾ ഉണ്ടായിരുന്നു. ലാന്‍ഡ്സ്കേപ് ഫോട്ടോഗ്രാഫര്‍ സച്ചിന് ഭരാലി പകർത്തിയ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
അസമിലെ ജോര്‍ഹട്ട് ജില്ലയിലെ നിമതിഘട്ടിലാണ് ഈ അത്യപൂർവ കാഴ്ച ദൃശ്യമായത്. ബ്രഹ്മപുത്ര നദിക്കു കുറുകെ ആനക്കൂട്ടം അസ്വദിച്ചു നീന്തുകയായിരുന്നു.
ആനകള്‍ക്കു നീന്താനറിയുമോ എന്ന സംശയം ഇതിന്റെ വീഡിയോ കണ്ടാൽ അതോടെ തീരും. ഇന്ത്യ-ബംഗ്ലാദേശ്-ചൈന എന്നീ മൂന്നുരാജ്യങ്ങളിലൂടെ ഒഴുകുന്ന ലോകത്തിലെ നീളം കൂടിയ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ജലസമൃദ്ധിയുടെ കാര്യത്തിലും ബ്രഹ്മപുത്ര പിന്നിലല്ല.
സച്ചിന് ഭരാലി പകർത്തിയ ആനക്കൂട്ട നീരാട്ടിന്റെ വീഡിയോ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുധാ രാമന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “ആനകള്‍ അവിശ്വസനീയമായ നീന്തല്‍ക്കാരാണ്..!’ എന്ന കുറിപ്പും അതിനൊപ്പം നൽകി.
താരതമ്യേന ചെറിയ കൂട്ടങ്ങളായാണ് ആനകൾ സഞ്ചരിക്കാറുള്ളതെങ്കിലും കാലാവസ്ഥ, ഭൂപ്രദേശം, വിഭവലഭ്യത തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വലിയ കൂട്ടങ്ങൾ രൂപപ്പെടാറുണ്ടെന്നു വിദഗ്ധർ പറയുന്നു.