കോന്നി: കനത്ത മഴയിൽ ജലനിരപ്പുയർന്ന അച്ചന്‍കോവിലാറ്റിലൂടെ ആനകളുടെ ജഡം ഒഴുകി. കല്ലേലി കടവിലൂടെ കൊന്പനാനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം ഒഴുകിയതാണ് കണ്ടത്. ഇതിൽ ഒരു ജഡം രാത്രി വൈകി കുമ്മണ്ണൂർ അർത്ഥ കണ്ഠൻ കടവിൽ കണ്ടെത്തി.
ആനകളുടെ ജഡം കണ്ടെത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. ഇന്നലെ രാവിലെ 8.15 ഓടെ നടുവത്തുമൂഴി വനം റേഞ്ചിലെ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കല്ലേലി വയക്കരയിലാണ് അച്ചന്‍കോവിലാറ്റിൽ ആനകളുടെ ജഡം ആദ്യം കണ്ടത്.
ജഡം പിന്നീട് ആനക്കുളം വഴി ഞണവാല്‍ വനം ചെക്ക് പോസ്റ്റിനു സമീപമുള്ള കടവില്‍ മുങ്ങിപ്പോയതായാണ് പ്രാഥമിക നിഗമനം.
അച്ചന്‍കോവില്‍ നദിയിലൂടെ കൊമ്പനാനയുടെയും രണ്ടു കുട്ടികളുടെയും ജഡം ഒഴുകിവരുന്നത് ഇന്നലെ രാവിലെ നാട്ടുകാരാണ് ആദ്യം കാണുന്നത്. പിന്നീട് വനപാലകരും ഇതു സ്ഥിരീകരിച്ചു.
ഞണവാല്‍ വനം ചെക്ക് പോസ്റ്റ് കടവ് കടന്നുപോയ ആനകളുടെയും ജഡം അര്ത്ഥകണ്ഠ ന്മൂഴി കടവിന് മുകളില്‍ വെള്ളത്തില്‍ താഴ്ന്നു പോയിരിക്കാമെന്നാണ് വനപാലകർ പറയുന്നത്.
അച്ചന്‍കോവില്‍ നദിയില്‍ കഴിഞ്ഞ രാത്രി മുതല്‍ വെള്ളം കൂടിയതും ഇന്നലെ രാവിലെ മുതല്‍ ഒഴുക്ക് വര്ധിച്ചതുംകാരണം ജ ഡങ്ങൾ കരയ്ക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല.
വനം ചെക്ക് പോസ്റ്റിന് താഴെ വരെ ആനകളുടെ ജഡം കാണാമായിരുന്നു. പിന്നീടാണ് കാണാതായത്. വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ തെരച്ചിൽ നടത്താനുമാകില്ല.