എരുമേലി: എരുമേലിയിലെ വീട്ടിൽ ഗൗണ്‍ ധരിച്ച് ഓണ്‍ലൈനിൽ പ്രതിജ്ഞ ചൊല്ലി അഭിഭാഷകരായി ശിവയും ദൃശ്യയും. സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
അയൽവാസികളായ ഇരുവരും നിയമ പഠനം പൂർത്തിയാക്കി അഭിഭാഷകവൃത്തിയിലേക്കു കടക്കാൻ എൻറോൾ ചെയ്തത് ഇന്നലെ.
ഹൈക്കോടതിയിൽ നടക്കേണ്ട എൻറോൾമെന്റ് ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണ്‍ലൈനായി നടത്തുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ എൻറോൾമെന്റ് നടന്നത്.
കോടതി ഇല്ലാതെ വീടുകളിൽ ഓണ്‍ലൈനിൽ എൻറോൾമെന്റ് ചടങ്ങ് നടക്കുന്നത് അപൂർവ കാഴ്ച കൂടിയായി മാറി. മൊത്തം 850 ഓളം പേരാണ് ഇന്നലെ എൻറോൾമെന്റ് ചെയ്തത്.
ബാർ കൗണ്‍സിൽ ഓഫീസിലിരുന്ന് ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞാവാചകം വീടുകളിൽ ഒൗദ്യോഗിക വേഷത്തിൽ ഓണ്‍ലൈനിൽ ഏറ്റുചൊല്ലിയാണ് പുതിയ അഭിഭാഷകർ എൻറോൾമെന്റ് ചടങ്ങ് നടത്തിയത്.
കഴിഞ്ഞദിവസം ഇതിന്റെ ഭാഗമായി നടന്ന ട്രയൽ റണ്ണിൽ ശിവയും ദൃശ്യയും പങ്കെടുത്തിയിരിന്നു. എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം താമസിക്കുന്ന എരുമേലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം പുതുപ്പറന്പിൽ സുശീൽകുമാർ – അനിത ദന്പതികളുടെ മകനാണ് ശിവ.
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന താഴത്തേക്കുറ്റ് ദിലീപ് – ശ്യാമള ദന്പതികളുടെ മകളാണ് ദൃശ്യ. കൊല്ലം എസ്എൻ കോളജിലാണ് ശിവ എൽഎൽബി പഠനം പൂർത്തിയാക്കിയത്. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളജിലാണ് ദൃശ്യ പഠിച്ചത്.