തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജനു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ബന്ധം സിപിഎം നേരത്തേതന്നെ അറിഞ്ഞു. എന്നാൽ ഈ രഹസ്യ ബന്ധം പുറത്തു വിടാതിരിക്കാൻ മുഖ്യമന്ത്രി പണറായി വിജയൻ കഴിവതും ശ്രമിച്ചു.
ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്കു ഇവർ തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം നേരത്തേ ലഭിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി മാത്രം ഇക്കാര്യം സംസാരിച്ച മുഖ്യമന്ത്രി ഇപ്പോൾ ഈ അതീവരഹസ്യം പുറത്തുപോയതിൽ അതൃപ്തനാണ്. ഇപിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന നിലപാടിലാണ് എം.വി. ഗോവിന്ദൻ. പക്ഷേ ഇക്കാര്യത്തിൽ പിണറായി വിജയന്റെ നിലപാടായിരിക്കും സിപിഎം കേന്ദ്ര നേതൃത്വം പരിഗണിക്കുക.
കേരളത്തിൽനിന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ഇ.പി. ജയരാജനെതിരേ നടപടി വേണമെന്ന നിലപാടിലാണ്. ജയരാജന്റെ വഴിവിട്ട വ്യക്തിബന്ധങ്ങളെപ്പറ്റി സിപിഎം നേരത്തേ ചർച്ച ചെയ്തിരുന്നതാണ്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ സംരക്ഷകനായി നിന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്.
എന്നാൽ, ഇപ്പോൾ പിണറായിയും പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കു ബിജെപി കേന്ദ്ര നേതാക്കളുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആക്ഷേപം, ഇപിയുമായി ബന്ധപ്പെട്ടു വന്ന പുതിയ ആരോപണം ശരിവരിയ്ക്കുന്നതാണെന്ന പ്രതീതി ഇപ്പോൾ സിപിഎം നേതൃത്വത്തിലുമുണ്ട്. ഇക്കാര്യം അവർ പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ പോലും വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാവുന്ന ആരോപണമാണ് ഇപി-ജാവദേകർ ബന്ധം.
ഇനി വരും ദിവസങ്ങളിൽ ബിജെപി എങ്ങനെ ഇക്കാര്യം കൈാകര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ.
എന്നാൽ ഇ.പി. ജയരാജനെതിരേ തത്കാലം നടപടികളൊന്നും സിപിഎം സ്വീകരിക്കാൻ ഇടയില്ല. നിലവിലെ സാഹചര്യത്തിൽ ഇപിയുമായി ബന്ധപ്പെട്ടുള്ള പുതിയ ആരോപണം സിപിഎം അന്വേഷിക്കും. ഇതിനു ശേഷമാകും എന്തു നടപടി വേണമെന്നു പാർട്ടി നേതൃത്വം ആലോചിക്കുക. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗം തെരഞ്ഞെടുപ്പ് കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക.
എം. പ്രേംകുമാർ