കോട്ടയം: ആത്മകഥാവിവാദം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ഡിജിപി നിയോഗിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു.
ഷാര്‍ജയിലുള്ള ഡിസി ബുക്സ് സിഇഒ രവി ഡിസി നാട്ടിലെത്തുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. പുസ്തക പ്രകാശനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണു നടക്കുന്നതെന്നും എസ്പി പറഞ്ഞു.
അതേസമയം, ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തിനിടയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രവി.
പുസ്തകം താന്‍ എഴുതി ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ.പി. ജയരാജന്റെ വാദങ്ങളെ ഡിസി ബുക്സ് തള്ളുന്നില്ല. തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍വാഹകര്‍ മാത്രമാണ്. തങ്ങള്‍ പൊതുപ്രവര്‍ത്തകരല്ല. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനാല്‍ കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും രവി ഡിസി കൂട്ടിച്ചേര്‍ത്തു.
ഇ.പി. ജയരാജന്റെ ആത്മകഥയുടെ പ്രസാധനം നീട്ടിവയ്ക്കുകയാണെന്നു കഴിഞ്ഞ ദിവസം ഡിസി ബുക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. “കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചിരിക്കുന്നു.
ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നുമാണ് ഡിസി ബുക്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നത്.