അന്പലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇറച്ചിക്കട പ്രവർത്തിക്കുന്നു. നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തും.
നീർക്കുന്നം എസ്എൻ കവല ജംഗ്ഷനു വടക്ക് ഭാഗത്ത് ദേശീയപാതയോടു ചേർന്നാണ് ഇറച്ചിക്കട പ്രവർത്തിക്കുന്നത്. നേരത്തെ വളഞ്ഞവഴിയിൽ പ്രവർത്തിച്ചിരുന്ന കടയാണ് ദേശീയ പാതയോട് ചേർന്ന് ആരംഭിച്ചത്.
പൊതു നിരത്തിൽനിന്ന് 30 മീറ്റർ അകലം പാലിച്ചു മാത്രമേ ഇത്തരം ഇറച്ചിക്കടകൾ പ്രവർത്തിക്കാവൂ എന്നാണ് പഞ്ചായത്ത് രാജ് ആക്ടിൽ നിർദേശിച്ചിരിക്കുന്നത്.
എന്നാൽ, ഇതു പാലിക്കാതെ ഇറച്ചിക്കട പ്രവർത്തിച്ചിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ആക്ഷേപമുണ്ട്.
പകൽ സമയങ്ങളിൽ ഇറച്ചി യാതൊരു മറയുമില്ലാതയാണ് വിൽപ്പന നടത്തുന്നത്. ഇറച്ചി വിൽപ്പനശാല ഏതെങ്കിലും ആൾപ്പാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ പൊതുജനങ്ങൾ നിത്യസമ്പർക്കം നടത്തുന്ന ഏതെങ്കിലും കെട്ടിടത്തിന്റെയോ 90 മീറ്റർ ദൂര പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ചട്ടം.
കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റ് പൊതു സ്ഥലത്തേക്കോ നേരിട്ടു തുറക്കാൻ പാടില്ലെന്നുമുള്ള നിയമവും ഇവിടെ ലംഘിച്ചിരിക്കുകയാണ്.
മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നേരിൽക്കാണാൻ സാധിക്കുന്ന വിധം കശാപ്പുശാലയുടെ ഒരു വാതിലും സ്ഥാപിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് പകൽ സമയം പോലും മൃഗങ്ങളെ ഇവിടെ കശാപ്പു ചെയ്യുന്നത് പതിവാണ്.
ലൈസൻസില്ലാതെ കശാപ്പു ശാലകൾ പ്രവർത്തിക്കരുതെന്നാണ് ചട്ടം. എന്നാൽ, ഈ കശാപ്പു ശാല ലൈസൻസില്ലാതെ പ്രവർത്തിച്ചിട്ടും പഞ്ചായത്തോ ആരോഗ്യ വകുപ്പോ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പലരും പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഇതിനെതിരെ കണ്ണടയ്ക്കുകയാണ് പഞ്ചായത്ത്.