പൂച്ചാക്കൽ: ദീർഘനാളത്തെ അടവിനുശേഷം സ്കൂൾ തുറന്നതോടെ ലഹരി മാഫിയ വിദ്യാർഥികളെ പിടിമുറുക്കുമോ എന്ന ആശങ്കയിലാണ് എക്സൈസും രക്ഷിതാക്കളും.
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ആരംഭിച്ച ഓപ്പറേഷൻ ഗുരുകുലം പോലുള്ള പദ്ധതികൾ നിലച്ചതോടെ മയക്കുമരുന്നു മാഫിയകൾ വീണ്ടും സജീവമാകുകയാണ്.
ഒരു വിദ്യാർഥി പോലും ലഹരി മാഫിയയുടെ കൈയിൽ അകപ്പെടരുത് എന്ന ലക്ഷ്യവുമായി എക്സൈസ് ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും സ്കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരികയുമാണെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സി പി വേണുക്കുട്ടൻ പിള്ള പറഞ്ഞു.
പിടിക്കപ്പെട്ടാൽ…
മാഫിയ സംഘങ്ങളുടെ പ്രധാനികൾ പലരും ജയിലിൽ ആണെങ്കിലും ഇവരുടെ സംഘത്തിലെ പലരും വിദ്യാർഥികളെ ലക്ഷ്യമിട്ട് പുറത്തു സജീവമാണ്. ലഹരിയിൽ അടിപ്പെടുന്ന വിദ്യാർഥികളെ മോഷണത്തിനും കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുകയാണ് കഞ്ചാവ് മാഫിയകളുടെ പുതിയ ലക്ഷ്യം.
പിടിക്കപ്പെട്ടാൽ വാർത്ത പ്രസിദ്ധികരിക്കുന്നതിലും കേസ് എടുക്കുന്നതിലുള്ള പരിമിതികൾ ഉള്ളതിനാൽ ആണ് ലഹരി മാഫിയകൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത്.
സ്കൂൾ പരിസരങ്ങളിലെ ചില ചായക്കട, സ്റ്റേഷനറി, ലോട്ടറി വിൽപ്പനക്കാർ തുടങ്ങിയവരും കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി കണ്ടു വരുന്നുണ്ട് എന്ന് അധികൃതർ പറയുന്നു.
ഓൺലൈൻ വിൽപ്പന സജീവമായതോടെ ആ മാർഗത്തിലൂടെയുള്ള കഞ്ചാവ് വിൽപ്പന ധാരാളമായി നടക്കുന്നതായി കണ്ടുവരുന്നുണ്ട്.
രഹസ്യവിവരം
ദിവസേന 20 കിലോ കഞ്ചാവ് വരെ ജില്ലയിൽ വിതരണത്തിനായി എത്തുന്നുണ്ട് എന്നാണ് പോലീസിന് കിട്ടിയ രഹസ്യവിവരം. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി ഉപയോഗം കൂടുതലായി കണ്ടു വരുന്നുണ്ട്.
കഴിഞ്ഞ വർഷം ചേർത്തല പൂച്ചാക്കൽ ഇതര സംസ്ഥാന തോഴിലാളി കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അയാൾ കഞ്ചാവിന് അടിമയായിരുന്നു എന്ന് തെളിഞ്ഞിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികളിലും ട്രയിനിലൂടെയും കേരളത്തിൽ സുലഭമായി ലഹരി വസ്തുക്കൾ എത്തുന്നുണ്ട്.
സ്കൂൾ അധികൃതരുടെയും രക്ഷകർത്താക്കളുടെയും പൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രമെ കഞ്ചാവ് മാഫിയകളെ തുടച്ചു നീക്കാൻ സാധിക്കു എന്ന് എക്സൈസും പോലീസും പറയുന്ന ു.