വ്യത്യസ്ത രുചിയുള്ള ഭക്ഷണങ്ങള്‍ ലഭിക്കുന്നതുപോലെ തന്നെ ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങളും ഇപ്പോള്‍ കൂടുതലാണ്. ബംഗളൂരുവില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഓട്‌സ് കഴിച്ചാണ് യുവാവിന് അസുഖം വന്നത്.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഓട്‌സിന്‍റെ പാക്കറ്റ് പരിശോധിച്ചപ്പോഴാണ് എക്‌സപയറി ഡേറ്റ് കഴിഞ്ഞ വിവരം മനസിലാകുന്നത്. ഇതേതുടര്‍ന്ന് യുവാവ് കേസ് കൊടുക്കുകയും ചെയ്തു.
എക്‌സപയറി ഡേറ്റ് കഴിഞ്ഞത് മറച്ചുവയ്ക്കാനായ് പഴയ തിയതിയ്ക്ക് മുകളില്‍ മറ്റൊരു തിയതിയും പതിച്ചിരുന്നു. ജയാനഗറിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് യുവാവ് ഹണി ഓട്‌സും മറ്റ് സാധനങ്ങളും വാങ്ങുന്നത്. 925 രൂപയ്ക്കാണ് ഇയാള്‍ ഓട്‌സ് വാങ്ങിയത്.
തട്ടിപ്പ് മനസിലായതോടെ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിച്ച് ഇയാള്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് ഇയാളോട് പെരുമാറിയത്. തുടര്‍ന്ന് ബെംഗുളൂരു അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഇയാൾ കേസ് കൊടുത്തു.
എക്‌സ്പയറി ഡേറ്റ് മറച്ചുവച്ച് മറ്റൊരു തിയതി പതിച്ച് യുവാവിന് ഓട്‌സ് നല്‍കിയതിനാല്‍ ഇയാള്‍ക്ക് അനുകൂലമായാണ് വിധി വന്നത്. അതോടൊപ്പം 925 രൂപ തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് ചികിത്സിയ്ക്ക് ചിലവായ തുക എന്ന നിലയില്‍ 5000 രൂപയും 5000 രൂപ നിയമപരമായി ഉണ്ടായ ചിലവുകള്‍ എന്ന നിലയിലും യുവാവിന് നൽകാൻ കോടതി സൂപ്പര്‍മാര്‍ക്കറ്റിനോട് ആവശ്യപ്പെട്ടു.