പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാദമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യുന്നതില്‍ തലശേരിയിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം മെയ്മാസം വരെ മൂന്നു ഘട്ടങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാല്‍ കാലഹരണപ്പെട്ടതാണ് ആക്ഷേപത്തിനിടയാക്കിയത്.
സര്‍ക്കാര്‍ അനുവദിച്ച തുക കാലഹരണപ്പെടാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഏഴിമല സ്വദേശിയായ എം.ചന്ദ്രന് നല്കിയ ഈ പരാതിക്ക് നല്കിയ മറുപടിയില്‍ തുകവിതരണത്തിന് തടസമായത് കോവിഡാണെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.2019ല്‍ ആവിര്ഭവിച്ചതുകൊണ്ടാണ് രോഗത്തിന് കോവിഡ് 19 എന്ന പേരുവന്നിട്ടുള്ളതെന്നും ഇവരുടെ വിശദീകരണവുമുണ്ട്.
ആദ്യഘട്ടതുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ലഭ്യമായി എന്നും ഫെബ്രുവരി 29 മുതല്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചുവെന്നും മറുപടിയിലുണ്ട്.
മാര്‍ച്ച് 23 മുതല്‍ രാജ്യം അടച്ചു പൂട്ടലിലായിരുന്നുവെന്നും അടച്ചുപൂട്ടല്‍ അവസാനിച്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും പണ്ട് കാലഹരണപ്പെട്ടിരുന്നുവെന്നുമാണ് മറുപടിയിലുള്ളത്.
കാലഹരണപ്പെട്ട തുക വീണ്ടും അനുവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് എഴുതിയിട്ടുണ്ടെന്നും വീണ്ടും അനുവദിച്ച് കിട്ടിയാലും നേരത്തെ സ്വീകരിച്ചിരുന്ന നടപടിക്രമങ്ങള്‍ വീണ്ടും ആവര്ത്തിക്കേണ്ടതുണ്ടെന്നും വിശദീകരിച്ചിട്ടുമുണ്ട്.
ചുരുക്കത്തില്‍ സര്‍ക്കാര്‍ കനിഞ്ഞാലും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കയ്യില്‍ പണമെത്തുകയെന്നത് അത്രയെളുപ്പമല്ല എന്നാണ് വിശദീകരണത്തിലെ സൂചന.
കോവിഡിനിടയിലും സര്ക്കാന് അനുവദിച്ച തുക തങ്ങളുടെ കയ്യില്‍ കിട്ടാന്‍ ഇനി ഏതുവാതിലിലാണ് മുട്ടേണ്ടതെന്നാണ്് പുനരധിവസിപ്പിക്കപ്പെട്ടവരുടെ ചോദ്യം.