നാഗ്പുര്‍: കാമുകിയും കുടുംബവും ബ്ലാക്മെയില്‍ ചെയ്തെന്നാരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ പുഴയിൽ ചാടി ജീവനൊടുക്കി. നാഗ്പുരിലാണ് സംഭവം.
38കാരനായ മനീഷ് ആണ് മരിച്ചത്. തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം.
യുവതിയും കുടുംബാംഗങ്ങളും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകിയില്ലെങ്കിൽ തനിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനീഷ് പറഞ്ഞു.
സെപ്റ്റംബർ ആറിന് യുവതിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിച്ചു.
വീട്ടില്‍ തിരിച്ചെത്തിയശേഷം, മനീഷ് ബലാത്സംഗം ചെയ്തെന്ന ആരോപണം യുവതി ഉന്നയിച്ചു. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മനീഷിന്റെ ആരോപണം.
യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മനീഷ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു.
തുടർന്നു പുഴയിൽ ചാടി മനീഷ് ജീവനൊടുക്കുകയായിരുന്നു. 38 വയസുള്ള യുവാവ് വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. ഫേസ് ബുക്ക് ലൈവ് പുറത്തുവന്നതോടെ പോലീസ് തെരച്ചിൽ നടത്തി യുവാവിന്റെ മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തു.
നാഗ്പൂരിലെ കലമന പോലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.