ജോണ്സണ് വേങ്ങത്തടം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ പത്താം പ്രതി റബിന്‍സ് ഹമീദ് ദുബായിലേക്കു പോയതു മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെ നിരീക്ഷിക്കാന്‍.
സ്വര്‍ണക്കള്ളക്കടത്തിലെ അന്താരാഷ്ട്ര ബന്ധങ്ങളുള്ള കുറ്റവാളിയാണ് ഇയാള്‍. അന്താരാഷ്ട്ര വേരുകളുള്ള ഭീകരവാദബന്ധത്തിന്റെ പ്രധാന ഇടനിലക്കാരനും ഇയാളാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ)യുടെ നിഗമനം.
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ രണ്ടു ഗ്രൂപ്പുകളുടെ കുടിപ്പകയും ഇതോടെ പുറത്തു വരുന്നുണ്ട്.
ഒരു ലക്ഷ്യത്തിനു വേണ്ടി ഫണ്ട് കണ്ടെത്തുമ്പോഴും ഇരുഗ്രൂപ്പുകള്‍ തമ്മിലുണ്ടായ കുടിപ്പകയാണ് സ്വര്‍ണക്കടത്ത് പൊളിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്.
റബിൻസിനെ അയച്ചത് റമീസ്
സ്വര്‍ണക്കടത്തിലെ പ്രധാന പ്രതികളായ കെ.ടി. റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവര്‍ തമ്മിലുള്ള ബലപരീക്ഷണമാണ് സ്വര്‍ണക്കടത്ത് ബന്ധം പൊളിയാന്‍ കാരണമെന്നും സംശയം ബലപ്പെടുന്നു.
ഫൈസലിനെ നിരീക്ഷിച്ചു സാമ്രാജ്യം കണ്ടെത്താനുള്ള നീക്കമാണ് റബിന്‍സ് ഹമീദിനെ വിദേശത്ത് എത്തിച്ചത്. ദുബായില്‍ സ്വര്‍ണക്കടത്തിനു ഫണ്ടിംഗ് കണ്ടെത്തുകയും സ്വന്തം സാമ്രാജ്യം കെട്ടിയുയര്‍ത്തിയ ഫൈസലിനെ നിരീക്ഷിക്കാന്‍ കെ.ടി. റമീസ് അയച്ചതാണ് മൂവാറ്റുപുഴക്കാരന് റബിന്‍സിനെ എന്നാണ് നിഗമനം.
ഫണ്ടും സ്വര്‍ണവും സ്വരൂപീക്കാനുള്ള ദൗത്യവും ഒപ്പംതന്നെ ഫൈസലിനെക്കുറിച്ചു കൂടുതല്‍ പഠിക്കാനുമാണ് റബിന്‍സിനെ ദുബായിലേക്ക് അയച്ചത്.
എന്നാല്‍ ഒന്നിച്ചുനില്‍ക്കുമ്പോഴും പരസ്പരം പുലര്‍ത്തി വന്ന കുടിപ്പകയാണ് സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു പിന്നിലെന്നുള്ള വിവരമാണ് പുറത്തു വരുന്നത്.
പ്രധാന കണ്ണി
ഫൈസലിനെ നിരീക്ഷിക്കാനും സഹായിക്കാനും എത്തിയ റബിന്‍സ് ഹമീദ് പെട്ടെന്നു തന്നെ ഫണ്ടിംഗിനുള്ള പ്രധാന കണ്ണിയായി മാറുകയായിരുന്നു.
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് റബിന്‍സും ഫൈസല്‍ ഫരീദും ചേര്‍ന്നു തന്നെയാണ്. എങ്കിലും അധോലോകത്തിനുള്ള എല്ലാവിധ സംശയവും കുടിപ്പകയും ഇവര്‍ വച്ചുപുലര്‍ത്തിയിരുന്നു.
രണ്ടു പേരും രണ്ട് രീതിയിലാണ് മുന്നോട്ടു പോയിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി. റമീസ് , എ.എം. ജലാല്‍, അബ്ദു എന്നിവരുമായി ചേര്‍ന്നാണ് ദുബായില്‍ റബിന്‍സ് ആസൂത്രണം നടത്തിയിരുന്നത്.
ഫൈസലിനോടുള്ള ബന്ധമല്ല, പകരം റമീസിനോടുള്ള ബന്ധമാണ് ഇയാളെ മുന്നോട്ടു നയിച്ചിരുന്നത്. ഇയാളുടെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പ് ഉയര്‍ന്നു വന്നുവെന്ന സംശയം ഉടലെടുത്തതോടെയാണ് കുടിപ്പക ഉയര്‍ന്നത്. ഇതാണ് സ്വര്‍ണക്കടത്ത് പൊളിച്ചതെന്ന നിഗമനവും ഉയരുന്നുണ്ട്.
നാട്ടിൽ കച്ചവടം
സാധാരണ കുടുംബത്തില്‍ പിറന്ന റബിന്‍സ് നാട്ടില്‍ ചെറിയ കച്ചവടം നടത്തിയിരുന്നു. അച്ഛന് ചായക്കടയായിരുന്നു. റബിന്‍സും സഹോദരനും വിദേശത്ത് പോയതോടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായിരുന്നു.
അടുത്തകാലത്ത് പലയിടങ്ങളിലായി വന്‍തോതില്‍ സ്ഥലങ്ങളും വാങ്ങിക്കൂട്ടി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് റബിന്‍സിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു.
ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയ സംഭവത്തിലാണ് റബിന്‍സ് അറസ്റ്റിലായിരിക്കുന്നത്.
ഗൃഹോപകരണങ്ങളുടെ മറവില്‍ നയതന്ത്ര ബാഗേജിലൂടെ ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നതായും എന്‍ഐഎ പറയുന്നു. കഴിഞ്ഞ ദിവസമാണ് റബിന്‍സ് ഹമീദിനെ ദുബായ് പോലീസ് അറസ്റ്റു ചെയ്തത്.
ഇയാളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് എന്‍ഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ദുബായ് പോലീസ് റബിന്‍സ് ഹമീദിനെ കൈമാറിയത്.
ഇന്നലെ വൈകിട്ട് 4.20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഹമിദീനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.