തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ പോലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി.
എട്ട് പേരിൽനിന്ന് വിസയ്ക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പോലീസിലും ഇയാൾക്കെതിരേ കേസുണ്ട്.
സജുവിനെ പിടികൂടാൻ കഴിഞ്ഞാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ള ഒന്നാം പ്രതി നിഖിൽ തോമസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
പല കാര്യങ്ങളും ഇയാൾ മറച്ചുവയ്ക്കുന്നതായി പോലീസ് പറഞ്ഞു. കേസിലെ രണ്ടാംപ്രതി അബിൻ സി. രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.
അബിൻ രാജിന്റെ ഫോൺ പോലീസിന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. ഒന്നര മാസം മുൻപ് വാങ്ങിയ ഫോണാണ് നിലവിൽ അബിന്റെ കൈയിലുള്ളത്.
പഴയ ഫോൺ നശിച്ചുപോയെന്നാണ് അന്വേഷണസംഘത്തോട് അബിൻ പറഞ്ഞത്. മാലിയിൽ അബിൻ താമസിച്ചിരുന്നിടത്തുനിന്നു ലാപ്ടോപ്പും പഴയ ഫോണും കണ്ടെത്തി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.