വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്.
തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും.
ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന് മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി.
തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.