ബംഗളൂരു: സാമ്പത്തികപ്രശ്നങ്ങളുടെ പേരില്‍ രണ്ടര വയസുകാരിയായ മകളെ തടാകത്തില്‍ തള്ളിയിട്ടു കൊന്ന അച്ഛനെ പോലീസ് അറസ്റ്റ്ചെയ്തു.
ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പരമര്‍ ആണ് ബംഗളൂരു കെഎസ്ആര് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിന് വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടത്. ഇതിനായി 15ന് രാവിലെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ കോലാറിലേക്ക് പോയി. കോലാറിലെ കെണ്ടാട്ടി തടാകത്തില്‍ ജിയയെ തള്ളിയിട്ടശേഷം ഇയാളും ചാടി.
തടാകത്തിന് ആഴമില്ലാത്തതിനാല്‍ ഇയാള്‍ മരിച്ചില്ല. മകൾ മരിച്ചശേഷം ട്രെയിന്‍ മുന്നില്‍ ചാടാനായി രാഹുല്‍ തീരുമാനിച്ചെങ്കിലും ഭയം നിമിത്തം മരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി.
തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇയാൾ ട്രെയിനില്‍ യാത്ര ചെയ്തു. മൂന്നു ദിവസത്തിനുശേഷം, തന്നെയും ജിയയെയും ചില അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് രാഹുല്‍ തമിഴ്നാട്ടില്‍നിന്നുള്ള ഒരു കുടുംബാംഗത്തെ വിളിച്ചു.
ബംഗളൂരുവിലേക്ക് മടങ്ങാന്‍ കുറച്ച് പണവും ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചതോടെ ഇയാൾ പിടിയിലാവുകയായിരുന്നു.