തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകാൻ സാധ്യത.
ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി ഫേസ്ബുക്കിന് പോലീസ് മെയിൽ അയയ്ക്കും.
ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നതിനു ശേഷമേ ചോദ്യം ചെയ്യലിലേക്കു കടക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു ഉമ്മൻ.
പക്ഷെ അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നതെന്ന് അച്ചു ഉമ്മൻ പറയുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെതിരെയാണ് അച്ചു ഉമ്മന്റെ പരാതി. പരാതിയിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുക മാത്രമായിരുന്നുവെന്നും നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും താൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പോലീസ് ഫേസ്ബുക്കിന് അയക്കുന്ന ഇമെയിലിൽ മറുപടി മാസങ്ങൾ നീളാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് നന്ദകുമാറിനെതിരെ കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.