ജൂൺ മുതൽ ഏകദേശം മൂന്ന് മാസം വരെ മഴക്കാലമാണ്.ജലവും വായുവും ദേശവും ദുഷിച്ച് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള കാലം.
നല്ല വെയിൽ മാറി കാലവർഷം തുടങ്ങുമ്പോൾ കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാ ജീവജാലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു.
മനുഷ്യരുൾപ്പെടെയുള്ളവർ മഴകാരണമുള്ള ആലസ്യത്തിലേക്ക് മാറുമ്പോൾ രോഗം പകർത്തുവാൻ കഴിവുള്ള കൊതുകുംഎലിയും വൈറസുകളും കൂടുതൽ കരുത്തു നേടുകയാണു ചെയ്യുന്നത്.
യഥാസമയം കൃത്യമായ ചികിത്സ
വായുവിലൂടെയും ജലത്തിലൂടെയും ജന്തുക്കൾ വഴിയും രോഗം പകർത്താൻ അനുകൂലമായ സാഹചര്യമാണ് മഴക്കാലത്തുള്ളത്.
കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യക്തിഗത രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ഭക്ഷണവും ശീലവും ഉപയോഗിച്ചാൽ പകർച്ചവ്യാധികളെ തടയുന്നതിനു സാധിക്കും. രോഗം വന്നാൽ ശരിയായതും സമയത്തുള്ളതുമായ ചികിത്സയും കൂടിയേതീരൂ.
പനി പൊതുവായ ലക്ഷണം
മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണെന്നു പറയാം. വൈറൽ ഫീവർ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലമ്പനി, പന്നിപ്പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് – എ എന്നിവയൊക്കെ വരാം. എല്ലാ പകർച്ചവ്യാധികളുടെയും പൊതുവായ ലക്ഷണം പനിയാണ്.
വ്യക്തിശുചിത്വം മാത്രം സംരക്ഷിച്ച് പകർച്ചവ്യാധികളെ തടയാനാവില്ല. പരിസരശുചിത്വവും ആഹാര ശുചിത്വവും ആചാര ശുചിത്വവും പാലിക്കണം.
വായുവും ജലവും ജന്തുക്കൾ വഴിയും
വൈറൽ ഫിവറും പന്നിപ്പനിയും ചെങ്കണ്ണും വായുവിലൂടെ പകരുന്ന രോഗങ്ങൾ. വയറിളക്കവും മഞ്ഞപ്പിത്തവും വെള്ളത്തിലൂടെയും.
ജന്തുജന്യമായി ചെള്ളുപനിയും എലിപ്പനിയും വിരശല്യവും. കൊതുകുകൾ കാരണം ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന ജപ്പാൻ പനിയും പകരും.
അലർജി കാരണമുള്ള തുമ്മൽ
കാലാവസ്ഥാമാറ്റത്തിനനുസരിച്ച് വൈറൽ ഫീവർ എങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും. അലർജി കാരണമുള്ള തുമ്മൽ, ശ്വാസംമുട്ടൽ, സൈനസൈറ്റിസ് എന്നിവയും വർധിക്കാം.
മുഖം മറയ്ക്കാതെ തുമ്മരുത് പകർച്ചവ്യാധികൾ പിടിപെട്ടാൽ പൂർണവിശ്രമം വേണം.
നിർബന്ധമായും യാത്രകളും കൂട്ടംകൂടി നിൽക്കലും ഒഴിവാക്കണം. ഹസ്തദാനം നൽകാനോ തൂവാലയോ ടിഷ്യു പേപ്പ റോ ഉപയോഗിച്ചു മുഖം മറയ്ക്കാതെ തുമ്മാനോ പാടില്ല.
ചില പ്രധാന കാര്യങ്ങളിൽ നിന്നു മാറി നിൽക്കുവാൻ കഴിയില്ലെന്ന് പറഞ്ഞു മീറ്റിങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുത്തും പൊതു വാഹനങ്ങളിൽ യാത്ര ചെയ്തും രോഗം പകർത്തുന്നവർ സമൂഹത്തോടു ചെയ്യുന്നത് ക്രൂരതയാണെന്നുതിരിച്ചറിയുക.
വായുവിലൂടെ പകരുന്ന രോഗമുള്ളവരെ മറ്റുള്ളവർ സന്ദർശിക്കുന്നത് ഒഴിവാക്കണം. രോഗികൾ പ്രത്യേക മുറിയിൽതാമസിക്കണം.
ആശുപത്രികളിൽ അഡ്മിറ്റാകുന്നതിലും നല്ലത് സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നതാണ്. രോഗികൾ ഉപയോഗിച്ച വസ്ത്രം, പാത്രം, റിമോട്ട് കൺട്രോൾ, കമ്പ്യൂട്ടർ, മൊബൈൽ , പേനകൾ എന്നിവ അണുനാശക വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റുള്ള വർ ഉപയോഗിക്കാവൂ.
(തുടരും)
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481