കൊച്ചി: ചലച്ചിത്ര വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയില്‍ ജില്ലാ രജിസ്ട്രാര്‍ പരിശോധന തുടങ്ങി.
അസോസിയേഷന് നേതൃത്വം സിനിമാ നിര്‍മാതാക്കളില്‍നിന്ന് ഏഴുകോടി രൂപ വെട്ടിച്ചതായാണ് വിവരം. സിനിമാ പോസ്റ്ററുകള്‍ സീല്‍ ചെയ്തു നല്കുന്നതിലുള്പ്പെടെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള 12 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.2013 മുതലുള്ള വരവു ചെലവു കണക്കുകള്‍, ബാലന്‍സ് ഷീറ്റ്, മിനിറ്റ്സ് ബുക്ക്, രസീത് രജിസ്റ്ററുകള്‍, ചെക്ക് ബുക്കുകള്‍, ബാങ്ക് ഡിപ്പോസിറ്റ് വിവരങ്ങള്‍, അംഗത്വ രജിസ്റ്റര്‍, അനുബന്ധ രേഖകള്‍ എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്.
സംഘടനയില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി എന്‍. മനോജ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ.എ. സിയാദ് കോക്കര്‍, ജനറല്‍ സെക്രട്ടറി എം.എം. ഹംസ എന്നിവര്‍ സംഘടനാ കാര്യങ്ങളില്‍ ക്രമക്കേട് നടത്തുന്നുവെന്നായിരുന്നു മനോജിന്റെ ആരോപണം.