തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ യുഎൻഎ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്കെതിരേ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി.
കേസെടുത്തത് അഞ്ചു വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നഴ്സുമാരിൽനിന്നു മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം സംഘാടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തൽ.
സംഘടന ഭാരവാഹികള്‍ മൂന്നു കോടി രൂപ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റിയെന്നായിരുന്നു ആരോപണം. എന്നാൽ 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റും കാറും വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആശുപത്രി വാങ്ങാനെന്ന പേരിലും ക്രമക്കേട് നടത്തിയിട്ടുണ്ടത്രെ.
ക്രമക്കേട് കണ്ടെത്താതിരിക്കാൻ ഓഫീസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.