ബെന്നി ചിറയില്‍
വാകത്താനം: ഞങ്ങള്‍ ഉച്ചഭക്ഷണം കഴിഞ്ഞ് ഫാക്ടറിയോടു ചേര്‍ന്നുള്ള ഷെഡില്‍ വിശ്രമിക്കുകയായിരുന്നു. തീ പടരുന്നതായി സഹതൊഴിലാളിയായ രാധാകൃഷ്ണന് അലറി വിളിച്ചുപറയുന്നതുകേട്ടപ്പോള് ആദ്യമൊന്നും മനസിലായില്ല,
വീണ്ടും രാധാകൃഷ്ണന് ബഹളം വയ്ക്കുന്നതു കേട്ടപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റ് വാതിലിലൂടെ ഷെഡിനു പുറത്തേക്കു നോക്കി. രാധാകൃഷ്ണനും ബീഹാര്‍ സ്വദേശിയായ ബീര്‍ബലും ഫാക്ടറിക്കു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നു.
ഫാക്ടറിയിലേക്കു തീ പടരുന്നു. ആകെ പുകപടലം. എന്തൊക്കെയോ പൊട്ടിത്തെറിക്കുന്ന ശബ്ദം. അധികം താമസിയാതെ ഫാക്ടറിയുടെ മേല്‍ക്കൂരയിലൂടെ തീപ്പന്തം ഉയരുന്നതുപോലെ തോന്നി.
ഫാക്ടറിയിലെ സിമന്റ് ഇഷ്ടികകള്‍ പൊട്ടിത്തെറിച്ച് താഴേക്കു വീഴുന്നു. ഞങ്ങള്‍ ഇരുന്ന ഷെഡിലേക്കും തീപടര്‍ന്നു കയറി. ഇടക്ക് രാധാകൃഷ്ണന്റെ പതറിയ ശബ്ദം കേട്ടു.
തീവരുന്നേ ഓടിക്കോളോ…ഞങ്ങള്‍ ഇറങ്ങി ഓടി.. കണ്ണില്‍ ഇരുട്ടുകയറിയ പ്രതീതി.. നിമിഷനേരത്തിനകം എല്ലാം എരിഞ്ഞമര്‍ന്നു.
വാകത്താനം പാറപ്പാട്ടുപടി മറുങ്ങോടി ഭാഗത്ത് ഇന്നലെ ഉച്ചക്ക് അഗ്നിയിലമര്‍ന്ന മയൂര പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാരായ തൃക്കടിത്താനം അമര ആശാരിമുക്ക് സ്വദേശികളായ മണിയമ്മയും വിജയമ്മയുമാണ് തീപിടിത്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കഥ ഞെട്ടലോടെ വിശദീകരിച്ചത്.
ബക്കറ്റില്‍ വെള്ളം നിറച്ച് തീയണയ്ക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ രാധാകൃഷ്ണന് ചെറുതായി പൊള്ളലേറ്റു. ഇന്നലെ അവധിയിലായിരുന്ന ആശാരിമുക്ക് സ്വദേശി ശാന്തമ്മയും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടെങ്കിലും തങ്ങളുടെ അന്നംമുട്ടിയെന്ന് ഇവര്‍ പറഞ്ഞു.
ചങ്ങനാശേരി: വാകത്താനത്ത് പ്ലാസ്റ്റിക് പടുത നിര്‍മാണ ഫാക്ടറിയില്‍ വന്‍തീപിടിത്തം.ഫാക്ടറി കെട്ടിടവും യന്ത്രങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത സാധനങ്ങളും ഉള്‍പ്പെടെ എല്ലാ സാമഗ്രികളും കത്തി ചാമ്പലായി.
വാകത്താനം പഞ്ചായത്ത് പാറപ്പാട്ടുപടി-ചീരഞ്ചിറ റോഡില്‍ മണിയംപുടവത്ത് എം.പി. പുന്നൂസിന്റെ ഉടമസ്ഥതയിലുള്ള മയൂര പ്ലാസ്റ്റിക് എന്ന പേരിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
പുന്നൂസിന്റെ വീടിനോടു ചേര്‍ന്നു കഴിഞ്ഞ 27വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഫാക്ടറി ഈരാറ്റുപേട്ട സ്വദേശികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്ന് പുന്നൂസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് സംഭവം. നാട്ടുകാര്‍ വാകത്താനം പോലീസില്‍ അറിയിക്കുകയും പോലീസ് ചങ്ങനാശേരി ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ചങ്ങനാശേരിയില്‍നിന്നു ഫയര്സ്റ്റേഷന് ഓഫീസര്‍ സജിമോന്‍ ടി.ജോസഫ്, അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നു യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണക്കാന്‍ കഴിയാതിരുന്നതിനാല്‍ പാമ്പാടി, കോട്ടയം, തിരുവല്ല എന്നീ സ്റ്റേഷനുകളില്‍നിന്നുള്ള മൂന്നു യൂണിറ്റുകള്‍കൂടി എത്തി രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഹാരതാണ്ഡവമാടിയ തീ നിയന്ത്രണ വിധേയമാക്കിയത്.
ഒരേക്കറോളം വരുന്ന സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്ന അസംസ്കൃത പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു വീണ്ടും തീപടര്ന്നുകൊണ്ടിരുന്നതിനാല് ഇവ ജെസിബി ഉപയോഗിച്ച് കൂട്ടി മുകളില്‍ മണ്ണിട്ട് തീ ശമിപ്പിച്ചു.
ഫാക്ടറിയില്‍നിന്ന് ഉയര്‍ന്ന കൂറ്റന്‍ പുകപടലം കിലോമീറ്ററുകള്‍ അകലെവരെ ദൃശ്യമായത് ആളുകളില്‍ ആശങ്ക പടര്‍ത്തി.
ഫാക്ടറിയുടെ സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്സ്ഫോര്മറില്നിന്നു പടര്‍ന്ന തീ ഫാക്ടറിയിലേക്കും സമീപത്തു കൂട്ടിയിട്ടിരിക്കുന്ന ടണ്‍കണക്കിന് വരുന്ന അസംസ്കൃത പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടര്ന്നുകയറുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ ബീര്‍ബാല്‍ ഉള്‍പ്പെടെ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീ തൊഴിലാളികളുമാണ് ഫാക്ടറിയിലുണ്ടായിരുന്നത്. തീപടുരുന്നതുകണ്ട് ഇവര്‍ ഓടി രക്ഷപ്പെട്ടു.
ഫയര്ഫോഴസിനൊപ്പം വാകത്താനം എസ്ഐ തോമസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യു, വൈദ്യുതി വകുപ്പ് അധികൃതരും തീയണക്കുന്ന ജോലികള്‍ക്ക് നേതൃത്വം നല്കി.
ട്രാന്സ്ഫോര്മറില്നിന്നുണ്ടായ തീപ്പൊരി സമീപത്തെ പ്ലാസ്റ്റിക്കിലേക്കു പടര്‍ന്നതാണ് തീപടാന് കാരണമെന്നും മുപ്പതുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെന്നും ചങ്ങനാശേരി ഫയര്സ്റ്റേഷന് ഓഫീസര്‍ സജിമോന്‍ ടി. ജോസഫ് പറഞ്ഞു.