പാമ്പിനെ കറിവയ്ക്കുന്ന വീഡിയോ പങ്കുവച്ച ഫുഡ് വ്ലേഗർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരേ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. യൂട്യൂബ് ചാനലിലൂടെ മയിൽ, മുതല, ഒട്ടകം എന്നിങ്ങനെയുള്ള നിരവധി പാചക പരീക്ഷണങ്ങൾ നടത്തി വൈറലായെങ്കിലും ഇത് അൽപം കടന്ന് പോയന്നാണ് പ്രേക്ഷകരുടെ വാദം. വീഡിയോ വിയറ്റ്നാമിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജീവനുള്ള രണ്ട് പാമ്പുകളെ വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നും കറിവയ്ക്കാനായി വാങ്ങുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ ഫിറോസ് പറയുന്നുണ്ട്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് പാമ്പിനെ കൊന്ന് പാചകം ചെയ്യാനായി സഹായിക്കുന്നത്.
വിയറ്റ്നാമിന്റെ തനതായ രീതിയിൽ പാമ്പിൻ കറി തയാറാക്കിയ ശേഷം അവിടെയുള്ളവർക്കും ഫിറോസ് കറി വിളമ്പി നൽകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ഫിറോസിനെ വിമർശിച്ച് കൊണ്ട് കമന്റിട്ടത്.
ഇത് കണ്ട് അറപ്പ് വരുന്നൂ എന്നാണ് മിക്കവരും കമന്റിൽ പറയുന്നത്. ഫിറോസിനോടുള്ള സകല ബഹുമാനവും നഷ്ടപ്പെട്ടന്ന കമന്റുകളും ചിലർ ഇട്ടു.