ഒന്നിലധികം പിതാക്കന്മാര്ക്ക് പിറന്നവന് എന്ന ശൈലി മിക്ക ഭാഷകളിലും തെറിയായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ഇതുവരെ കരുതിപ്പോന്നത്.
പല തള്ളയ്ക്ക് പിറന്നവന് എന്ന് ആരെയും വിളിക്കാറില്ല. കാരണം ഇതും അസാധ്യം എന്നാണ് ഏവരും കരുതിയിരുന്നത്.
എന്നാല്‍ പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനില്‍ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
ഐവിഎഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്ട്രിയല് ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എംഡിടി) എന്ന ഈ ആധുനിക രീതി.
മൈറ്റോകോണ്ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്.
ഇത്തരം കേസുകളില്‍, അമ്മയുടെ മൈറ്റോകോണ്ട്രിയ വഴിയാണ് രോഗങ്ങളും മറ്റും കുഞ്ഞിലേക്ക് പകരുക. ശരീര കോശങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന കുഞ്ഞന്‍ പവര്‍ഹൗസുകള്‍ എന്നാണ് മൈറ്റോകോണ്ട്രിയ അറിയപ്പെടുന്നത്.
അത്തരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വൈകല്യമുള്ള മറ്റോകോണ്ട്രിയയ്ക്ക് പകരം മറ്റൊരു സ്ത്രീയുടെ മൈറ്റോകോണ്ട്രിയ ഉപയോഗിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ പുതിയ എംഡിടി രീതി.
അത്തരത്തില്‍ രണ്ട് സ്ത്രീകളുടെ ജനിതക ഘടകങ്ങളും, ഒരു പുരുഷന്റെ ഘടകങ്ങളും ഉപയോഗിച്ചുള്ള ഐവി എഫിലാണ് മൂന്ന് മാതാപിതാക്കളുമായി ഈ കുട്ടി ജനിച്ചു വീണത്.
ബ്രിട്ടനിലെ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അഥോറിറ്റിയാണ് ഇക്കാര്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ഗാര്ഡിയന് പത്രത്തിന് നല്‍കിയത്.
സാങ്കേതികമായി പറഞ്ഞാല്‍ ഈ കുട്ടിക്ക് രണ്ട് അമ്മമാര്‍ ഉണ്ടായിരിക്കും. എന്നാല്‍, രണ്ടാമത്തെ അമ്മയുമായി പൂര്‍ണ്ണമായ ജനിതക ബന്ധം ഉണ്ടായിരിക്കില്ല.
കാരണം രണ്ടാമത്തെ അമ്മയുടെ ഡിഎന്‍എയുടെ 0.1 ശതമാനം മാത്രമായിരിക്കും കുട്ടിയില്‍ ഉണ്ടാവുക.
ഈ വാര്‍ത്ത പുറത്ത് വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. മൈറ്റോകോണ്ട്രിയല് വൈകല്യങ്ങള്‍ ഉള്ള സ്ത്രീകള്‍ അത് അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കുന്നത് ഇല്ലാതെയാക്കാന്‍ പറ്റും എന്ന്ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുമ്പോള്‍, ശാസ്ത്രത്തിന്റെ ഈ വളര്‍ച്ച എത്തി നില്ക്കുക ഡിസൈനര്‍ ബേബികളെ സൃഷ്ടിക്കുന്നതിലായിരിക്കും എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ മുന്നറിയിപ്പ് നല്കുന്നു.
ആദ്യ എംഡിടി വിജയിച്ചതിനു ശേഷം പിന്നെയും ഒന്നു രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഇത്തരത്തില്‍ ജനിച്ചിട്ടുണ്ടെന്നും എച്ച് എഫ്ഇഎ സ്ഥിരീകരിച്ചിട്ടുണ്ട്.