ലഹ്ലി (ഹരിയാന): ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൽ ഹരിയാനയുടെ അൻഷുൽ കാംബോജ്.
കേരളത്തിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കാംബോജ് 10 വിക്കറ്റും സ്വന്തമാക്കിയത്. സുഭാഷ് ഗുപ്തെ (1954), പ്രേമൻസു ചാറ്റർജി (1956), പ്രദീപ് സുന്ദരം (1985), അനിൽ കുംബ്ലെ (1999), ദേബാസിസ് മൊഹന്തി (2001) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബൗളർമാർ.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 30.1 ഓവറിൽ 49 റണ്‍സ് മാത്രം വഴങ്ങിയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ് 10 വിക്കറ്റ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് കാംബോജ്.
കേരള ആധിപത്യം
അൻഷുൽ കാംബോജിന്റെ ഒറ്റയാൾ ബൗളിംഗിനു മുന്നിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 291 റണ്‍സ് നേടി. മൂന്നാംദിനം അവസാനിക്കുന്പോൾ ഹരിയാന ഒന്നാം ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റണ്‍സ് എന്ന നിലയിലാണ്. കേരളത്തിനായി എം.ഡി. നിധീഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റ് കൈയിലിരിക്കേ 152 റണ്‍സ് പിന്നിലാണ് ആതിഥേയർ