കാസര്‍ഗോഡ്: കടലില്‍ വലിയ ബള്‍ബുകള്‍ സ്ഥാപിച്ചുകൊണ്ടുള്ള അനധികൃത മീന്‍പിടിത്തം ജില്ലയില്‍ പെരുകുന്നു.
കര്‍ണാടക ഭാഗത്തുനിന്നും വരുന്ന ബോട്ടുകളാണ് ജില്ലയുടെ തീരക്കടലിലെത്തി ഇത്തരത്തില്‍ മീന്‍ വാരിയെടുക്കുന്നത്.
രാത്രികാലത്ത് വലിയ ബള്‍ബുകള്‍ കടലിലേക്ക് ഇറക്കിയോ കടലിന് മുകളില്‍ സ്ഥാപിച്ചോ കൃത്രിമ പ്രകാശം സൃഷ്ടിച്ചാണ് മീനുകളെ ആകര്‍ഷിക്കുന്നത്. ചെറുതും വലുതുമായ മീനുകള്‍ കൂട്ടത്തോടെ പ്രകാശമുള്ള ഭാഗത്തേക്ക് വന്നടുക്കും.
ഈ ഭാഗത്ത് വലവിരിച്ച് മീനുകളെ കൂട്ടത്തോടെ വാരിയെടുക്കുകയാണ് ചെയ്യുന്നത്. മിക്കവാറും വെളിച്ചം തെളിക്കുന്നതിനായി ഒരു ബോട്ടും വലവിരിക്കാന്‍ മറ്റൊരു ബോട്ടും അടങ്ങിയതാകും സംഘം.
നേരം പുലരുന്നതിനു മുമ്പ് ഇവര്‍ മീന്‍പിടിച്ച് കേരള തീരം കടക്കുകയും ചെയ്യും. ഇത് ജില്ലയുടെ തീരദേശത്തെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നതായാണ് തൊഴിലാളികളുടെ പരാതി.
വളര്‍ച്ചയെത്താത്ത മത്സ്യങ്ങളെ പോലും പിടിക്കുകയാണ്. പരമ്പരാഗത രീതിയില്‍ വലവിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുമൂലം കാര്യമായൊന്നും കിട്ടാത്ത അവസ്ഥയാണ്.
അതിര്‍ത്തി കടന്നെത്തുന്ന ബോട്ടുകളെ തടയാന്‍ ഫിഷറീസ് വകുപ്പിന്റെ രാത്രികാല പട്രോളിംഗ് കര്‍ശനമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രശ്നം ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ പട്രോളിംഗും പരിശോധനയും കര്‍ശനമാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന് അറിയിച്ചു.