പോത്തൻകോട്: പോത്തൻകോട് ചന്തയിൽ നിന്നും വാങ്ങിച്ച മീനിൽ പുഴുവെന്ന് പരാതി. ബുധനാഴ്ച രാവിലെ ചന്തയിൽ നിന്നും വാങ്ങിയ ചൂര മീൻ വീട്ടിലെത്തി മുറിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ പുഴുവിനെ കണ്ടത്. തുടർന്ന് കാട്ടായിക്കോണം സ്വദേശി ചന്തയിലെത്തി മീൻ വിറ്റ വിൽപ്പനക്കാരനെ തിരക്കിയെങ്കിലും കച്ചവടക്കാരൻ മുങ്ങിയിരുന്നു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. മറ്റു കച്ചവടക്കാരോട് തിരക്കിയെങ്കിലും ആരിൽ നിന്നും അദേഹത്തെപ്പറ്റി അറിയാൻ സാധിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർദിവസങ്ങളിൽ ചന്തയിൽ പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുധൻ.എസ്. നായർ പറഞ്ഞു. അമ്പതോളം മീൻകച്ചവടക്കാരാണ് ദിനംപ്രതി പോത്തൻകോട് ചന്തയിൽ എത്തുന്നത്.
മീൻ വാങ്ങാനെത്തുന്നവരോട് ചില കച്ചവടക്കാർ മോശമായാണ് പെരുമാറുന്നതെന്നും പരാതിയുണ്ട്.