സ്വന്തം ലേഖകൻ
കണ്ണൂർ: കടലിൽ മീൻ ലഭ്യത കുറഞ്ഞതോടെ വില കുതിച്ചു ഉയർന്നു. ഞായറാഴ്ച കണ്ണൂരിൽ മത്തി വിറ്റത് 240 രൂപയ്ക്കാണ്.അയലയുടെ വില 300 രൂപ. ചെമ്മീൻ ചെറുതിന് 300.
വലുതിന് 400 മുതൽ 500 രൂപ വരെയാണ് വില. മാന്ത 180, ഞണ്ട് 200 എന്നിങ്ങനെ നീളുകയാണ് മീനിന്റെ കുതിപ്പ്. അയക്കൂറ, ആവോലി തുടങ്ങിയ വലീയ മീനിന്റെ വില സാധാരണക്കാർ ചോദിക്കാത്ത അവസ്ഥയാണുള്ളതെന്ന് കണ്ണൂർ ആയിക്കരയിലെ മത്സ്യ വിൽപനക്കാർ പറയുന്നു.
മത്സ്യ ലഭ്യത കുറഞ്ഞതോടെ ആയിക്കര, തലശേരി, നീർക്കടവ്, അഴീക്കൽ എന്നിവിടങ്ങളിലെ ചെറുകിട തോണിക്കാർ കടലിൽ പോകാതെയായി.
കഴിഞ്ഞ രണ്ടു വർഷമായി മീൻ ലഭ്യത ഗണ്യമായി കുറഞ്ഞതായി മത്സ്യതൊഴിലാളികൾ പറയുന്നു. ഒരു മാസത്തിനുള്ളിൽ മീൻ വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്.
ജനകീയ മത്സ്യമായ മത്തി, അയല എന്നിവയുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. ഇത് വില ഉയരാൻ പ്രധാന കാരണമായി. ധാരാളം മീൻ ലഭിക്കുന്ന സീസൻ ആയിട്ടും പോലും മീൻ ലഭ്യതയിൽ കാര്യമായ കുറവുണ്ടായതാണ് വില ഉയരാൻ കാരണമായി പരന്പരാഗത മത്സ്യതൊഴിലാളികൾ പറയുന്നത്.
വില കൂടുന്നതു കാരണം ആളുകൾ മീൻ വാങ്ങിക്കുന്നതും കുറഞ്ഞു. മറ്റു പ്രദേശങ്ങളിൽ നിന്നും കയറ്റി വരുന്ന മത്സ്യങ്ങളുടെ വിലയിൽ നേരിയ കുറവുണ്ടെങ്കിലും ജനങ്ങൾക്ക് നാട്ടിലെ മീനിനോടാണ് താൽപര്യം.
കഴിഞ്ഞ ദിവസം അഴീക്കൽ, നീർക്കടവ് എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്ന മത്തിക്കും അയലയും കിലോയിക്ക് 300 രൂപയ്ക്കാണ് വിറ്റത്.
മീൻ വരവിന്റെ കുറവു മുതലെടുത്ത് പല സ്ഥലങ്ങളിലും അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്. പഴകിയ മീനുപോലും വിറ്റുപോകുന്ന അവസ്ഥയുമുണ്ട്. ഇതിനിടെ ചിക്കന് വില കുറഞ്ഞതോടെ കൂടുതൽ പേരും കോഴിയിറച്ചിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.