ചങ്ങനാശേരി: എണ്‍പത് വയസുള്ള തകഴി സ്വദേശിനിയുടെ അന്നനാളം തുളച്ചിറങ്ങി കഴുത്തിന് ഉള്ളിലൂടെ ശ്വസന നാളിയുടെ മുൻഭിത്തിയിൽ തറച്ചിരുന്ന രണ്ടര സെമി നീളമുള്ള മീൻഎല്ല് ചെത്തിപ്പുഴ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.
കഴുത്തിൽ തൈറോയിഡ് എന്ന് തോന്നിക്കുന്ന വലിയ മുഴയുമായി ആണ് രോഗി ചെത്തിപ്പുഴ ആശുപത്രിയിലെത്തിയത്. സ്കാനിംഗിലൂടെ മീനെല്ലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.
ചെത്തിപ്പുഴ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രാേസ്കോപിക് സർജൻ ഡോ. ജോർജ് മാത്യുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വസന നാളിയുടെ ഭിത്തിയിൽ കുടുങ്ങിയിരിക്കുന്ന മീനെല്ല് പുറത്തെടുക്കുക ക്ലേശകരമായ ദൗത്യം ആയിരുന്നു.
വയോധികയും അവശയുമായ രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ എന്നിവ മുന്നിൽ കണ്ടുള്ള ശ്രദ്ധയും സൂക്ഷ്മതയും മുന്നൊരുക്കങ്ങളും ആവശ്യമായിരുന്നു.
ഡോ. ജോർജ് മാത്യുവിനൊപ്പം ഡോ. ഫെമി മാത്യു, ഇഎൻടി സർജൻ ഡോ. വിനോദ് ജോസ് കാക്കനാട്, അനസ്തേഷ്യോളജിസ്റ്റ് ഡോ.ഷൈനി എന്നിവരടങ്ങിയ മെഡിക്കൽ സംഘം ഒന്നര മണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
രണ്ട് മാസത്തിനു മുന്‍പ് ഉച്ചയൂണിനൊപ്പം രോഗി കഴിച്ച കാളാഞ്ചി മീനിന്റെ എല്ലാണ് അപകടകരമായ അവസ്ഥയിൽ കുടുങ്ങിയത്. ആദ്യ ആഴ്ചകളിൽ രോഗിക്ക് അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് കഴുത്തിന് മുൻപിൽ അസാധാരണമായ മുഴ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയെത്തുടർന്ന് രോഗി സുഖം പ്രാപിച്ച് വരികയാണ്.