പൂനെ: സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പൂനെ ജില്ലയിലെ ഖേഡ് താലൂക്കിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ 50 ലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
500ലധികം വിദ്യാർഥികൾ താമസിക്കുന്ന കോച്ചിംഗ് സെന്ററിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു.
ജോയിന്റെഎൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണു കോച്ചിംഗ് സെന്ററിലുള്ളത്.
ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.