കൊച്ചി: കളിക്കിടെ പോലീസ് ജീപ്പില്‍ തട്ടിയ പന്ത് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലാണ് സംഭവം.
കളിക്കാര്‍ നേരിട്ട് എത്തിയാല്‍ പന്ത് നല്‍കാമെന്ന് അറിയിച്ചിട്ട് മൂന്ന് ദിവസമായിട്ടും പന്ത് കൈപ്പറ്റാന്‍ കുട്ടികളും എത്തിയില്ല. വെള്ളിയാഴ്ച വൈകിട്ടോടെ നെട്ടൂരിലെ പ്രാഥാമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം.
പ്രദേശത്ത് ഒരുകൂട്ടം കുട്ടികളും യുവാക്കളും ചേര്‍ന്ന് പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പോലീസിന്റെ വാഹനത്തില്‍ പന്ത് പതിക്കുകയായിരുന്നു.
ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പോലീസ് പന്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ഇത് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികളില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായതായി പനങ്ങാട് എസ്ഐ പറഞ്ഞു. ഇതോടെയാണ് പന്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
ഫുട്ബോള്‍ കളിക്കുന്നതിന് എതിരല്ല. എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസമായിട്ടും ആരും പന്ത് കൈപ്പറ്റാന്‍ വന്നില്ലെന്നും പോലീസ് അറിയിച്ചു.
പന്തിനെചൊല്ലി പോലീസും കുട്ടികളും തമ്മിലുള്ള വാക്കുതര്‍ക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
വാഹന പരിശോധനയ്ക്കെത്തിയ പോലീസ് ജീപ്പ് ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്തതെന്നും വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്ന് പറഞ്ഞിരുന്നതായും കുട്ടികള്‍ പറഞ്ഞു.