തൃശൂർ: വിദേശ സർവകലാശാലകൾ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രയോജനപ്രദമാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ. കേരളത്തിൽ വിദേശ സർവകലാശാല വരുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേരള സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസലർ കൂടിയായ ഡോ. മോഹനൻ.
വിദേശസർവകലാശാലകളിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു ലഭിക്കും. കേരളത്തിൽ പ്രവേശനം കിട്ടാതെയാണ് ഏജന്റുമാർ മുഖാന്തിരം ലക്ഷങ്ങൾ ചെലവിട്ടു അന്യദിക്കുകളിൽ പോയി പഠിക്കുന്നത്. വിദ്യാർഥികളിൽ മത്സരസ്വഭാവമുണ്ടാകാൻ വിദേശ സർവകലാശാലകൾ സഹായിക്കും.
അന്യദിക്കുകളിൽ പോയി പഠിക്കുന്നവർ പെട്രോൾ പന്പിലും ഹോട്ടലിലും കച്ചവട സ്ഥാപനങ്ങളിലും ജോലിചെയ്താണ് പഠനച്ചെലവു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രീതി മോശമായിട്ടില്ല അവർ അത്തരം രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്നത്. പഠനത്തിന് ഒപ്പം തന്നെ ജോലികൾ ചെയ്യാൻ കേരളത്തിലും സാധിക്കുമെങ്കിലും ഇവിടെ അവരുടെ സ്റ്റാറ്റസ് അതിന് അനുവദിക്കുന്നില്ലെന്നും ഡോ.മോഹനൻ പറഞ്ഞു.
വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്ന റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ 90 ശതമാനം സർവകലാശാലകളും തരികിടയാണെന്നും നിലവാരം കുറഞ്ഞ അത്തരം സർവകലാശാലകളെ കുറിച്ചുള്ള ധാരണ ഉണ്ടായിരിക്കണമെന്നും അത്തരക്കാരുടെ വരവ് നമ്മുടെ വിദ്യാഭ്യാസ രീതിക്ക് ദോഷമായിരിക്കും എന്നും ഡോ. മോഹനൻ ചൂണ്ടിക്കാട്ടി.