ചവറ: വാൻ മിനി ബസിലിടിച്ചു നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.
തമിഴ്നാട് – തിരുവനന്തപുരം അതിർത്തിയായ പുല്ലുവിള സ്വദേശികളായ കരുണാംബരൻ(56), ബർകുമൻ (46), തമിഴ്നാട് മാർത്താണ്ഡം സ്വദേശി ബിജു (35), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (50) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ മിനി ബസ് യാത്രക്കാരായ അടിമലത്തുറ സ്വദേശി റോയി (26), മാർത്താണ്ഡം സ്വദേശി വർഗീസ് (40 ) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 20 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 12.40ന് ഇടപ്പള്ളി കോട്ടയ്ക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്. കൊല്ലത്തേക്ക് പോകുകയായിരുന്ന വാൻ ഒരു കാറിൽ തട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു .
നാട്ടുകാരും പോലീസും, അഗ്നിശമന സേനയും ആണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. വാനിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ ഡ്രൈവർ മുനാജിർ (28 )ഒപ്പമുണ്ടായിരുന്ന ഭാസ്കർഷണി (44)എന്നിവർക്ക് നിസ്സാര പരിക്കേറ്റു.
അപകടത്തെത്തുടർന്ന് മിനി ബസിൽ കുടുങ്ങിക്കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിൽ നിന്നും പുറത്തെത്തിച്ചത്. മിനി ബസിനുള്ളിൽ രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.