കാട്ടുതീ ചാമ്പലാക്കിയ ഓസ്ട്രേലിയയില്‍ ഇപ്പോഴും കാര്യങ്ങള്‍ അത്ര ശാന്തമായിട്ടില്ല. കാട്ടുതീയ്ക്കു പിന്നാലെയെത്തിയ പൊടിക്കാറ്റും കനത്ത മഴയും ആലിപ്പഴ വര്‍ഷവുമെല്ലാം ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കോടിക്കണക്കിനു വരുന്ന ജീവികളുടെ ജീവനെടുത്ത ഓസ്ട്രേലിയന്‍ കാട്ടുതീ ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.
തീ നാശം വിതച്ച പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അധികൃതരും സാധാരണക്കാരുമെല്ലാം ഈ ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. അതേസമയം മനുഷ്യര്‍ മാത്രമല്ല ചില മൃഗങ്ങളും അറിയാതെയെങ്കിലും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു എന്നതാണ് വാസ്തവം.
കാട്ടുതീ ചുട്ടെരിച്ച ഓസ്ട്രേലിയയില്‍ നിന്നും പുറത്തുവരുന്ന മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കനത്ത കാട്ടുതീയില്‍ കോടിക്കണക്കിന് വന്യമൃഗങ്ങള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
പല ജീവികള്‍ക്കും അവയുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടമായപ്പോള് അമ്മമാരെ നഷ്ടപ്പെട്ട പല കുഞ്ഞുങ്ങളും അതിജീവിക്കാന്‍ പാടുപെടുകയാണ്. അനാഥരാക്കപ്പെട്ട കോവാലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സ്നേഹത്തിന്റെ വിത്തുപാകുന്നത്.
കരിഞ്ഞുണങ്ങി നില്ക്കുന്ന കാടിനു നടുവില്‍ കോലക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മക്കുറുക്കന്റെ ദൃശ്യങ്ങളാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വിഡിയോയിലുള്ളത്. ക്ഷമയോടെ നിന്ന് മൂന്ന് കോലക്കുഞ്ഞുങ്ങളെയാണ് അമ്മക്കുറുക്കന് പാലൂട്ടുന്നത്.
മാതൃത്വത്തിന്റെ മഹത്തായ ഉദാഹരണമെന്നാണ് ദൃശ്യത്തെ പലരും വിശേഷിപ്പിച്ചത്. ആദര്‍ഷ് ഹെഗ്ഡെയാണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു.എന്നാല്‍ ഇത് സത്യമല്ലെന്നും കുറുക്കന് മുലയൂട്ടുന്നത് സ്വന്തം കുഞ്ഞുങ്ങളെത്തന്നെയാണെന്നും ചിലര്‍ പറയുന്നു.