രണ്ടുവർഷമായി ആഗോളതലത്തിൽ ഏറ്റവും ജനപ്രിയമായ ഗെയിമുകളിൽ മുന്നിലാണ് ഫ്രീഫയർ.
ഒരു യുദ്ധക്കളി എന്നു വിശേഷിപ്പിക്കാം ഇതിനെ. 12 കോടിയിലേറെപ്പേർ ഈ ഗെയിം കളിക്കുന്നുവെന്നാണ് കണക്ക്.
ഒരു ദ്വീപിലേക്ക് പാരച്യൂട്ടിലെത്തുന്നവരാണ് ഗെയിമിലെ കളിക്കാർ. ദ്വീപിൽ അതിജീവിക്കുക എന്നതാണ് കളിക്കാരുടെ ആത്യന്തിക ലക്ഷ്യം.
ഓരോ ലെവലിലേക്ക് എത്താനായി ഗെയിമറുടെ ആയുധങ്ങളും മറ്റും ഏറ്റവും മികച്ച നിലവാരത്തിലുള്ളതാകണം.
ഇതിനായി ഗെയിമിൽനിന്ന് ഇവ വിലകൊടുത്തു വാങ്ങേണ്ടിവരും. ഇതിനായി ഓണ്‍ലൈനിൽ പണം കൊടുക്കേണ്ടിവരുന്നത് ഗെയിം കളിക്കുന്ന കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായി മാറും.
ഗുണമില്ലാത്ത ആയുധങ്ങൾ കൈവശമുള്ളവർ ഗെയിമിൽ തോൽക്കും. ഈ ഗെയിം ഓണ്‍ലൈനിൽ സുഹൃത്തുക്കളുമായി കണക്ട് ചെയ്തു കളിക്കുന്നതിനാൽ തോൽക്കുന്നവർക്കു മറ്റുള്ളവരുടെ കളിയാക്കലും പരിഹാസവും ഏൽക്കേണ്ടിവരും.
ഈ സാഹചര്യത്തിൽ പണം മുടക്കി ആയുധങ്ങൾ വാങ്ങാതെ മറ്റു വഴിയില്ലാതാകും. പണം ഏതുവിധേനയും ഉണ്ടാക്കാനുള്ള ശ്രമമാകും പിന്നെ.
അച്ഛനമ്മമാർ അറിയാതെ അവരുടെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ച സംഭവങ്ങൾ സമീപകാലത്ത് ധാരാളം കേട്ടതാണ്.
ആത്മഹത്യയും!
ഫ്രീഫയറിന് അടിമയാകുന്നത് ആത്മഹത്യയിലേക്കുപോലും വഴിയൊരുക്കും. സംസ്ഥാനത്ത് ഒന്നിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ വർഷമാദ്യം തിരുവനന്തപുരത്ത് ഒന്നാംവർഷ ബിരുദവിദ്യാർഥി ആത്മഹത്യ ചെയ്തത് ഫ്രീഫയറിന് അടിമപ്പെട്ടാണ്.
മിടുക്കനായിരുന്ന വിദ്യാർഥി മണിക്കൂറുകളോളം ഫ്രീഫയർ കളിച്ചുതുടങ്ങിയതോടെ സ്വഭാവം അപ്പാടെ മാറി.
ഉറക്കം കളഞ്ഞു ഗെയിം കളിയിൽ മുഴുകിയ വിദ്യാർഥി വീട്ടിൽ പണം ആവശ്യപ്പെട്ടു വഴക്കും തുടങ്ങി. പിന്നീടായിരുന്നു ആത്മഹത്യ.
ഗെയിമുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ മാനസികനില തകരാറിലാകുന്ന സംഭവങ്ങളും ഒട്ടേറെ ഇടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ആലുവയിലെ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നു മൂന്നു ലക്ഷത്തിലേറെ രൂപയാണ് ഗെയിമിനുവേണ്ടി നഷ്ടപ്പെടുത്തിയത്. പിന്നീട് അമ്മ പരാതി പിൻവലിക്കുകയായിരുന്നു.