കൊറോണക്കിടക്കയിൽ ഒൻപതു ദിവസം ചികിത്സയിലായിരുന്ന എനിക്ക് ലോഡി മേജർ ആശുപത്രിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഫോണ്കോൾ വന്നു. ദുഃഖവെള്ളിയാഴ്ച ആശുപത്രി വിട്ട ഞാൻ കൊറോണ മോചിതനാണോ എന്ന് ഉറപ്പാക്കാൻ ആവർത്തിച്ചുള്ള ലാബ് ടെസ്റ്റിനു ഹാജരാകാനുള്ള അറി യിപ്പായിരുന്നു അത്.
ആശുപത്രി വിട്ട് 14 ദിവസത്തെ ക്വാറന്റൈനു ശേഷമുള്ള പരിശോധനയുടെ ഫലം വന്നപ്പോൾ ഞാൻ നെഗറ്റീവ്. ഇനി വീണ്ടും ആശുപ ത്രിയിലെത്തണം ഫൈനൽ ടെസ്റ്റിന്. അതും നെഗറ്റീവായാൽ ആശ്വാസം. ആകാംക്ഷയോടെ എന്നെ കാത്തിരിക്കുന്ന ലോഡി സേക്രഡ് ഹാർട്ട് ഇടവകയിൽ ഏറെ ശുശ്രൂഷകൾ എനിക്കു തുടരേണ്ടതുണ്ട്.
ഇറ്റലിയിലെ കൊറോണ വാർത്തകൾ ദീപികയ്ക്ക് എഴുതിവന്നതിന് ഇടയ്ക്ക് മുടക്കം വരുത്തിയതും എന്നെ ബാധിച്ച കൊറോണയാണ്. കൊറോണ ഒരു അനു ഭവവും പാഠവുമാണെന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു സാക്ഷ്യം തുറന്ന മനസോടെ എഴുതുന്നത്. കോറോണ വൻ ആൾനഷ്ടമുണ്ടാക്കിയ ലൊംബാർഡി പ്രവിശ്യയിൽപ്പെട്ട ലോഡിയിലെ ജനങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായവും ആത്മീയശുശ്രൂഷകളും എ ത്തിക്കാൻ യുവജനകൂട്ടായ്മയ്ക്കൊപ്പം നെട്ടോട്ടമോടുന്ന വേളയിലാണ് എന്നെയും കൊറോണ കീഴടക്കിയത്.
ഈ രോഗം വയോധികരെ മാത്രമേ വീഴ്ത്തൂ എന്നും ചെറുപ്പക്കാർക്ക് ഭയം വേണ്ടെന്നുമായിരുന്നു ഫെബ്രുവരിയിലെ സംസാരം. അന്ന് വിരലിലെണ്ണാൻ മാത്രം പേർക്കേ ലോഡിയിൽ രോഗബാ ധയുണ്ടായിരുന്നുള്ളൂ. അതിനാൽ ആരോഗ്യവകുപ്പും അധികജാഗ്രത ഇതിൽ കൊടുത്തില്ല. മാർച്ച് തുടക്കത്തിൽ കൊടുങ്കാറ്റുപോലെ കൊറോണ ലൊംബാർഡിയെ കശക്കിത്തുടങ്ങി.
സുനാമിപോലെ ആഞ്ഞടിച്ച മഹാവ്യാധി രണ്ടാംവാരത്തിൽ ജനത്തെ വീട്ടുതടങ്കലിലാക്കി, അതിലേറെപ്പേരെ കിടക്കയിൽ വീഴ്ത്തി. എല്ലാവരും അടച്ചുപൂട്ടിയ വീട്ടിലായപ്പോൾ അവശ്യസാധനങ്ങൾ എത്തിക്കാൻ യുവജനങ്ങളെ ഒ രുമിച്ചുകൂട്ടി രാപകൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇടവേളകളിൽ അന്ത്യകൂദാശ നൽകാൻ വീടുകളിലേക്കും ആശുപത്രിയിലേക്കും ഓട്ടം. ഞാൻ അടുത്ത റിയുന്ന, ഏറെ ദിവസങ്ങളിലും വിശുദ്ധകുർബാനയിൽ പങ്കെടുത്തിരുന്ന 25 പേർ കൊറോണ ബാധിതരായി ഇടവകയിൽ മരിച്ചു.
മോർച്ചറികൾ നിറഞ്ഞ പ്പോൾ സർക്കാർ അനുമതിയോടെ 10 മൃതദേഹങ്ങൾ ഇടവക സെമിത്തേരിയിൽ അതിജാഗ്രത പാലിച്ച് സംസ്കരിച്ചു. കബറടക്കം വേണ്ടെന്നും ദഹിപ്പിച്ചാൽ മ തിയെന്നും ഉത്തരവു വന്നപ്പോൾ ആ മൃതദേഹങ്ങൾ പട്ടാളം മോർച്ചറികളിൽനിന്ന് എവിടേക്കോ കൊണ്ടുപോയി.
നാടും വീടും ആശുപത്രികളും രോഗികളാൽ നിറയുകയും വേർപാടിന്റെ വാർത്തകൾ ഏറെ കേൾക്കുകയും ചെയ്തു മനസു മരവിച്ച ദിവസങ്ങളായിരുന്നു അത്. മൃതസംസ്കാരങ്ങളും രോഗീലേപനങ്ങളും സാമൂഹികസേവനവുമായി കരുതലോടെ നീങ്ങുമ്പോഴാണ് കൊറോണയുടെ ആക്രമണം. രാജ്യം അപ്പാടെ വൈറസിനാൽ നിറഞ്ഞിരിക്കെ എവിടെനിന്നു കിട്ടി എനിക്കും കൊറോണ എന്നു ഞാൻ ചിന്തിക്കുന്നുമില്ല.
മാർച്ച് 19-ന് എനിക്ക് നേരിയ തോതിൽ പനി തുടങ്ങി. ഒരാഴ്ച പാരസെറ്റമോൾ പരമാവധി അളവിൽ സേവിച്ചുനോക്കിയിട്ടും ശമനമില്ല. വെറും പനി എന്നു പറഞ്ഞ് പിൻമാറിയപ്പോൾ അച്ചൻ ആശുപത്രിയിൽ പോകാൻ പലരും ഉപദേശിച്ചു. ഇറ്റലിയിലെ മെഡിക്കൽ നിയമം അനുസരിച്ച് ജനറൽ ആശുപത്രിയിൽ പോയി പരിശോധന നടത്തണമെങ്കിൽ പഴ്സണൽ ഡോക്ടറുടെ പരിശോധനാക്കുറിപ്പും റഫറൻസ് സർട്ടിഫിക്കറ്റും വേണം.
എന്റെ പഴ്സണൽ ഡോക്ടർ ഓട്ടോമാസി കാർലി ആഴ്ചകൾ മുൻപ് കൊറോണ ബാധിച്ച് മരിച്ചതിനാൽ എന്നെ 20 കിലോമീറ്റർ അകലെയുള്ള ജനറൽ ആശുപത്രിയിലേക്കു റഫർ ചെയ്യാൻ സാഹചര്യമുണ്ടായിരുന്നില്ല. ഡോ. കാർലിയുടെ നേതൃത്വത്തിൽ 16 അംഗ സംഘം ഫെബ്രുവരിയിൽ ഇന്ത്യയിൽ വിനോദസഞ്ചാരത്തിനെത്തി രാജസ്ഥാൻ സന്ദർശിച്ച് ഇറ്റലിയിൽ മടങ്ങിയെത്തിയ ശേഷമാണ് കൊറോണയാൽ മരിച്ചതെന്നും കുറിക്കട്ടെ.
ശമനമില്ലാത്ത പനിക്കൊപ്പം വിശപ്പില്ലായ്മയും ഛർദിയും ഒപ്പം നേരിയ ശ്വാസം മുട്ടലും എന്നെ അലട്ടിത്തുടങ്ങിയിരുന്നു. കൂടാതെ തലവേദനയും. പഴ്സണൽ ഡോക്ടറുടെ സഹായം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അത്യാഹിത വിഭാഗം ആംബുലൻസിന്റെ സഹായം തേടുകയേ മാർഗമുണ്ടായിരുന്നുള്ളു. 28-ന് മെഡിക്കൽ ആംബുലൻസ് ടീമിലെ ഡോക്ടർ എന്റെ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞു.
രോഗലക്ഷണങ്ങളുടെ സൂചനയിൽ ആംബുലൻസ് എന്നെ മാർച്ച് 28-ന് ലോഡി മേജർ ആശുപത്രിയിലെത്തിച്ചു. അവിടെ ആശുപത്രിമുറികളിൽ മാത്രമല്ല വരാന്തയിൽവരെ മരണാസന്നരായ രോഗികളുടെ നിര. അൽപം ജീവശ്വാസത്തിനായി മരണവേദന അനുഭവിക്കുന്ന രോഗികൾ. ഏറെപ്പേരും വയോധികർ. ഓരോ ജീവനും രക്ഷിക്കാൻ നെട്ടോട്ടമോടുന്ന ഡോക്ടർമാരും നഴ്സുമാരും.
സ്രവ പരിശോധനയിൽ എനിക്കും കൊറോണ ബാധിച്ചതായി ആദ്യമണിക്കൂറിൽതന്നെ ഫലം വന്നു. മരുന്നു വാങ്ങി മടങ്ങി താമസസ്ഥലത്തു വിശ്രമിക്കാം, എന്റെ സ്ഥിതി ഗുരുതരമല്ലല്ലോ എന്നതായിരുന്നു പ്രതീക്ഷ. പക്ഷേ താമസസ്ഥലത്തേക്കു മടങ്ങാൻ അനുവദിക്കാതെ എന്നെ അവിടെ അഡ്മിറ്റു ചെയ്തു. രണ്ടുപേർക്കു കിടക്കാൻ സജ്ജീകരണങ്ങളുള്ള മുറിയിൽ ഞങ്ങൾ നാലു രോഗികൾ. പരിചരിക്കാൻ ഒരു ഡോക്ടറും രണ്ടു നഴ്സുമാരും.
പൂർണമായി ശരീരം മറച്ച അവരുടെ മുഖം ഒരു നിഴൽ പോലെയേ ഞാൻ കണ്ടിട്ടുള്ളു. പക്ഷെ അവരുടെ കണ്ണുകളും ശരീരഭാഷയും കാരുണ്യത്തിന്റേതും ക രുതലിന്റേതുമാണെന്ന് എനിക്ക് തിരിച്ചറിയാനാകുമായിരുന്നു. എന്റെ ഇടവകയിൽ ഞാൻ നേതൃത്വം നൽകുന്ന സന്നദ്ധപ്രവർത്തകർ എങ്ങനെ പ്രവർത്തനം തുടരും എന്നതായി ആശങ്ക. കിടക്കയിൽനിന്നും ചെയ്യേണ്ട കാര്യങ്ങൾ അവർക്ക് മൊബൈലിൽ കൈമാറി.
മൂന്നാം ദിവസം പനിയും ശ്വാസതടസവും അൽപം കലശലായതോടെ എന്നെ തീവ്രപരിചരണ വിഭാഗത്തിലാക്കി. ആദ്യദിവസങ്ങളിൽ ഓക്സിജൻ വേണ്ടിട ത്തോളം ലഭിക്കുംവിധം ഹെൽമെറ്റിനു സമാനമായ മുഖകവചം എന്നെ ധരിപ്പിച്ചു. ഒപ്പം ഇതര യന്ത്രസംവിധാനങ്ങളും. എന്നാൽ ഭയമോ ആശങ്കയോ എന്നെ അലട്ടിയിരുന്നില്ല.
ഇതേ വാർഡിന്റെ കർട്ടനുകൾക്കപ്പുറം മരണവുമായി മല്ലടിക്കുന്നവർക്കായി ഞാൻ പ്രാർഥിക്കുകയായിരുന്നു. കടലുകൾക്കും വൻകരക ൾക്കും അപ്പുറം കേരളത്തിൽ, എന്റെ വീട്ടിലും നാട്ടിലും ഞാൻ അംഗമായ കാഞ്ഞിരപ്പള്ളി രൂപതയിലും മറ്റിടങ്ങളിലും ഏറെപ്പേർ എനിക്കായി പ്രാർഥിക്കു ന്നതായി അറിഞ്ഞിരുന്നതിനാൽ ഞാൻ എനിക്കുവേണ്ടി പ്രാർഥിച്ചിരുന്നില്ല.
മയക്കം വിട്ടുമാറുന്പോഴൊക്കെ അടുത്തു കിടന്ന രോഗികൾക്കുവേണ്ടി ഞാൻ പ്രാർഥിച്ചു. വിശുദ്ധ കുർബാനയിലെ പ്രാർഥനകൾ രാവിലെയും വൈകുന്നേരവും മനസിൽ ഉരുവിട്ട് കിടക്കയിൽ കിടന്ന് അയൽരോഗികളെ ആശീർവദിച്ചു, മനസുകൊണ്ട് പലർക്കും അന്ത്യകൂദാശ നൽകി.
രാത്രി പല കിടക്കകളും ഉന്തിമാ റ്റുന്ന ശബ്ദവും പുതിയ രോഗികളെ അവിടെ എത്തിക്കുന്നതും അറിയുന്പോൾ ഞാൻ മനസിലാക്കി അയലിടങ്ങളിൽ പലരും അന്ത്യയാത്ര പറഞ്ഞുകൊണ്ടിരി ക്കുകയാണെന്ന്. തീവ്രപരിചരണത്തിൽ നാലുദിവസം കഴിഞ്ഞപ്പോൾ അൽപം ആശ്വാസമായി. ഏറെ കരുണയോടെയും സ്നേഹഭാവത്തോടെയും നഴ്സുമാരും ഡോക്ടറും കിടക്കയുടെ അരികിൽനിന്ന് ധൈര്യം പകരുന്ന ആംഗ്യങ്ങൾ എന്നെ കാണിച്ചുകൊണ്ടിരുന്നു.
ഒരു നഴ്സ് മുഖകവചത്തിനുള്ളിൽനിന്നു പറഞ്ഞ വാക്കുകൾ എനിക്കു കിട്ടാവുന്ന വലിയ ആശ്വാസമായിരുന്നു. “നിങ്ങൾ ചെറുപ്പമാണ്, എത്രയും വേഗം സുഖപ്പെട്ട് ശുശ്രൂഷാമേഖലയിലേക്കു മടങ്ങണം. നിങ്ങളെ ഏറെപ്പേർ അവിടെ കാത്തിരിക്കുന്നു.ആത്മവിശ്വാസമാണ് ഈ വേളയിൽ പ്രധാന കാര്യം. മനസുണ്ടെങ്കിൽ നിങ്ങൾക്ക് വൈകാതെ മടങ്ങാനാവും.” മലേറിയയ്ക്കും എച്ച്ഐവിക്കും നൽകുന്ന പ്രതിരോധമരുന്നുകളാണ് മറ്റിടങ്ങളിലേതുപോലെ എനിക്കും നൽകിയിരുന്നത്. കൊറോണയെ കീഴടക്കാൻ എത്രയും വേഗം മരുന്നു വികസിപ്പിച്ചാൽ ഇവരൊന്നും മരിക്കില്ലല്ലോ. ഓരോ മരണവും എന്നെ ഓർ മിപ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കലും ഞാൻ ഗുരുതരാവസ്ഥയിലായിരുന്നില്ല. പക്ഷേ കേരളത്തിൽ എന്നെ അറിയുന്നവരുടെയും സ്നേഹിക്കുന്നവരുടെയും കൂട്ടായ്മകളിൽ എന്റെ ആ രോഗ്യനില അതീവ ഗുരുതരമാണെന്ന കേൾവി പരന്നു. സോഷ്യൽ മീഡിയയിൽ എനിക്കായി ഏറെപ്പേർ പ്രാർഥനാസഹായം തേടി. തെറ്റിദ്ധാരണാപരമായ വാ ർത്ത പരക്കെ പ്രചരിച്ചിരുന്ന ആ സാഹചര്യത്തിൽ എന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും കാഞ്ഞിര പ്പള്ളിയിൽനിന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് ഏവർക്കുമായി സന്ദേശം അയച്ചു.
ഇതോടെയാണ് പലരുടെയും ആശങ്കയും ആകാംക്ഷയും മാറിയത്. വസ്തുതയുടെ ഗൗരവം അറിയാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള വാർത്തകൾ അറിഞ്ഞോ അറിയാതെയോ അമിത ആവേശത്തിൽ അറിയിക്കുന്ന നമ്മുടെ പൊതുസ്വഭാവം അൽപമൊന്നുമല്ല വിഷമിപ്പിച്ചത്. കൊറോണ എന്നു കേൾക്കുമ്പോൾ മരണം വിധിക്കപ്പെട്ട രോഗം എന്നു ധരിക്കരുത്. ധീരമായി ഇതിനെ നേരിടാവുന്നതേയുള്ളൂ.
കൊറോണ പോസിറ്റീവ് എന്നു കേൾക്കുമ്പോഴേ കരുതൽ മതി, ഭയം വേണ്ടെന്ന് കുറിക്കട്ടെ. അടുപ്പക്കാരിൽ വലിയ മനോവേദനയുണ്ടാക്കാൻ ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ ഇടയാക്കുമെന്ന് സ്നേഹപൂർവം കുറിക്കട്ടെ. രോഗങ്ങളിൽ പൊതുസംയമനം പ്രധാന ഘടകമാണ്.
ആശുപത്രിക്കിടക്കയിലായിരിക്കെയും ലോഡിയിൽ എന്നെ ഏൽപ്പിക്കപ്പെട്ട ഇടവകാംഗങ്ങളുടെ ദുരിതവും ദുഃഖങ്ങളുമാണ് അലട്ടിയിരുന്നത്. ഞാൻ അറി യുന്ന, എന്നെ ഏറെ സ്നേഹിച്ചിരുന്ന ലോഡിയിലെ വീടുകളിൽ നിരവധി വയോധികർ അന്ത്യയാത്ര പറയുകയാണ്. ഞാൻ ഒരുമിച്ചുകൂട്ടിയ യുവജനങ്ങളാണ് രണ്ടു മാസമായി അടച്ചുപൂട്ടിയിരിക്കുന്ന വീടുകൾക്കു മുന്നിൽ സൂപ്പർമാർക്കറ്റുകളിൽനിന്ന് അവശ്യസാധനങ്ങൾ എത്തിച്ചിരുന്നത്. ആശ്വാസം പകരുകയും നേതൃത്വം നൽകുകയും ചെയ്യാൻ ചുമതലപ്പെട്ട ഇടവകക്കാർക്ക് തുണയായി ആരുമില്ല.
അവർക്കായി സേവനം ചെയ്ത എനിക്ക് രോഗം ബാധിച്ചതിൽ അവർ സങ്കടപ്പെടുന്നതായും കിടക്കയിൽ ഞാൻ അറിഞ്ഞു. ദുഃഖവെള്ളിയാഴ്ച ഞാൻ ആശുപത്രി വിട്ടു.14 ദിവത്തേക്കു പുറത്തിറങ്ങില്ലെന്നും ജനസന്പർക്കമുണ്ടാ ക്കില്ലെന്നും സത്യവാങ്മൂലം ആശുപത്രിയിൽ എഴുതിക്കൊടുത്തശേഷമായിരുന്നു വിടുതൽ.
നാളത്തെ പരിശോധനാഫലവും നെഗറ്റീവായാൽ ഞാൻ പൂർണരോഗ മുക്തനാകും. അടച്ചുപൂട്ടപ്പെട്ട വീടുകളുടെ ഒരു മുറിയിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവരായി ആയിരങ്ങളാണ് ഇവിടെയുള്ളത്. ഇവരെല്ലാം മറ്റുള്ളവരുടെ സേവനം ആവശ്യമായവരാണ്.
തയാറാക്കിയത്: റെജി ജോസഫ്