സ്വന്തം ലേഖകൻ
തൃശൂർ: കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കുന്ന ഗെയിൽ പൈപ്പുലൈനിൽ ഗ്യാസ് നിറച്ചു. വീടുകളിലും പന്പുകളിലും ഹോട്ടലുകളിലും ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. തൃശൂർ ജില്ലയിൽ അഞ്ചു സബ് സ്റ്റേഷനുകളാണു സജ്ജമാക്കുന്നത്.
കൊച്ചി- കൂറ്റനാട്- ബംഗളൂരു- മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ ആദ്യഘട്ടമായ കൊച്ചി- കൂറ്റനാട് പൈപ്പ് ലൈനിലാണു കഴിഞ്ഞദിവസം ഗ്യാസ് നിറച്ചത്. 96 കിലോമീറ്റർ വരുന്ന ഈ പൈപ്പുലൈനിന്റെ പണി 2018 ജൂണിൽ പൂർത്തിയായതാണ്.
കൂറ്റനാട് – വാളയാർ പൈപ്പ് ലൈനിലും വൈകാതെതന്നെ ഗ്യാസ് നിറയ്ക്കും. തമിഴ്നാട് മേഖലയിലുള്ള പണികൾ വൈകാതെതന്നെ തുടങ്ങും. മൊത്തം 4,700 കോടി രൂപയുടെ പദ്ധതിയാണിത്.
കൊച്ചിയിലും കോയന്പത്തൂരിലും നിരവധി വ്യവസായ സ്ഥാപനങ്ങളിൽ പ്രകൃതിവാതകം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിവരികയാണ്. എന്നാൽ സബ് സ്റ്റേഷനുകളുടേയും പന്പുകളുടേയും നിർമാണം പൂർത്തിയായിട്ടില്ല.
പൂർത്തിയായാൽ പൈപ്പുലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഫ്ളാറ്റുകളിൽ കുടിവെള്ള പൈപ്പുലൈൻ മാതൃകയിൽ ഗ്യാസ് പൈപ്പുലൈൻ ലഭ്യമാകും. വീടുകളിലേക്കുള്ള ഗ്യാസ് വിതരണത്തിനു തൃശൂർ ജില്ലയിലെ പുത്തൻവേലിക്കര, പൂമംഗലം, കാറളം, അന്നകര, ചൊവ്വന്നൂർ എന്നിവിടങ്ങളിലാണു സബ് സ്റ്റേഷനുകൾ സജ്ജമാക്കുന്നത്.
നിർമാണം പൂർത്തിയായ ചൊവ്വന്നൂർ സബ് സ്റ്റേഷനിൽനിന്നു ഗുരുവായൂർ, കുന്നംകുളം മേഖലകളിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഗ്യാസ് ലഭ്യമാക്കാനാകും.
അന്നകര സബ് സ്റ്റേഷൻ സജ്ജമായാൽ അമല മെഡിക്കൽ കോളജ് പ്രദേശത്തും കാറളം സബ് സ്റ്റേഷൻ തയാറായാൽ ഇരിങ്ങാലക്കുട മേഖലയിലും ഗ്യാസ് വിതരണം നടത്താനാകും.