ഡിസ്പുർ: അഴിമതിക്കാരനെന്നു വിളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരും ഡ്യൂപ്ലിക്കേറ്റുമാണെന്നു ശർമ പറഞ്ഞു.
“ഗാന്ധി കുടുംബക്കാർ അഴിമതിക്കാർ മാത്രമല്ല, ഡ്യൂപ്ലിക്കേറ്റും കൂടിയാണ്. അവരുടെ കുടുംബപ്പേര് ഗാന്ധി എന്നല്ല. ആരെങ്കിലും ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് കൈവശം വച്ചാൽ പിടിക്കാം, പക്ഷേ ഒരാൾ ഡ്യൂപ്ലിക്കേറ്റ് പേര് കൈവശം വച്ചാൽ എന്ത് എന്തു ചെയ്യാനാകും. അതുകൊണ്ടാണ് അവർ യാത്ര നടത്തുന്നത്’ ശർമ പരിഹസിച്ചു.
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണെന്നും മറ്റു ബിജെപി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുമായിരുന്നു ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവേ രാഹുലിന്റെ പരാമർശം.
മണിപ്പുരിലെ തൗബാൽ ജില്ലയിൽനിന്നു ജനുവരി 14ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസങ്ങളിലായി 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,700 കിലോമീറ്ററുകളാണു സഞ്ചരിക്കുക. മഹാരാഷ്ട്രയിലൂടെയാണ് ഇപ്പോൾ യാത്ര നീങ്ങുന്നത്.