പത്തനാപുരം:ആർക്കും സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തിയായിരുന്നില്ല അച്ഛനെന്നും പൂർണബോധ്യത്തോടെയാണ് വിൽപത്രം തയാറാക്കിയതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ ഇളയ മകൾ ബിന്ദു ബാലകൃഷ്ണൻ.
ഗണേഷ് കുമാർ വിൽപത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം ഉയർന്നതിനു പിന്നാലെയാണ് ഗണേഷിനു പിന്തുണയുമായി ഇളയ സഹോദരി ബിന്ദു രംഗത്തെത്തിയത്.
വിവാദങ്ങളിൽ ഏറെ വിഷമമുണ്ട്. മരിക്കുന്നതിന് ഒരു ദിവസം മുൻപ് മാത്രമാണ് അച്ഛന് അൽപ്പം ഓർമ്മക്കുറവുണ്ടായിരുന്നത്. ആരും പറഞ്ഞാൽ കേൾക്കുന്ന ആളല്ല അച്ഛൻ. വിൽപത്രം സ്വന്തമായി എഴുതിയതാണ്.
ഇക്കാര്യത്തിൽ ഗണേഷിനോ മറ്റാർക്കെങ്കിലുമോ സ്വാധീനം ചെലുത്താൻ കഴിയില്ല.അച്ഛനെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. സംഭവത്തിൽ ഗണേഷിനും വലിയ വിഷമമുണ്ട്.തനിക്ക് ലഭിച്ചതിൽ പൂർണ തൃപ്തയാണെന്ന്- ബിന്ദു ബാലകൃഷ്ണൻ പറഞ്ഞു.
സാക്ഷി പറയുന്നത്
ഇതിനിടെ മരിക്കുന്നതിനു മുമ്പ് ആര്. ബാലകൃഷ്ണ പിളള എഴുതിയ വില്പത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. മൂത്ത മകളായ ഉഷാ മോഹന്‍ദാസ് സ്വത്ത് കുറഞ്ഞ് പോയന്ന പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെ ഗണേഷ് കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബാലകൃഷ്ണ പിളളയുടെ വിശ്വസ്തനും വില്‍പത്രത്തിലെ സാക്ഷിയുമായ ശങ്കരപിളളയെന്ന പ്രഭാകരൻ പിള്ള രംഗത്തെത്തി.
വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്ന് പ്രഭാകരൻപിള്ള പറഞ്ഞു.ഗണേഷിന്റെ മൂത്ത സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ആടിസ്ഥാന രഹിതമാണ്.ആയൂരിലെ പതിനഞ്ച് ഏക്കര്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉഷക്ക് നല്‍കിയിട്ടുണ്ട്.
എന്നിട്ടും സ്വത്തിന് വേണ്ടി വഴക്കുണ്ടാക്കിയാല്‍ ബാലകൃഷ്ണ പിളളയുടെ ആത്മാവ് പോലും പൊറുക്കില്ല. 2020 ആഗസ്റ്റ് 9 ന് ആണ് വിൽപത്രം തയാറാക്കിയത്. ഗണേഷിന് വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. പിള്ളയുടെ മരണ ശേഷം മാത്രമാണ് വിൽപത്ര വിശദാംശങ്ങൾ മക്കൾ അറിഞ്ഞതെന്നും സാക്ഷിയായ പ്രഭാകരന് പിളള പറഞ്ഞു.
വിൽപത്രത്തെ ചൊല്ലി ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹൻദാസ് നൽകിയ പരാതിയാണ് ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന് തടസമായതെന്ന് സൂചനയുണ്ടായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
ബാലകൃഷ്ണപിള്ളയെ അവസാനകാലത്ത് പരിചരിച്ചിരുന്നത് ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമതൊരു വിൽപ്പത്രം തയ്യാറാക്കിയിരുന്നുവെന്നും അതിൽ ക്രമക്കേട് ഉണ്ടെന്നുമായിരുന്നു പരാതി.
ഉഷ പറയുന്നത്
അതേ സമയം ആദ്യ വിൽപ്പത്രം റദ്ദാക്കിയത് ഗണേഷ് കാരണമാണെന്നും രണ്ടാമത്തെ വിൽപ്പത്രത്തിൽ ഒരു സെന്റ് പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും മൂത്ത സഹോദരി ഉഷ ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു. അച്ഛന്റെ മുഴുവന്‍ സ്വത്തും ഗണേഷും ബിന്ദുവും കൂടി വിഭജിച്ചെടുത്തു.
തന്നതെന്ന് പറയുന്നത് അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് മാത്രമാണ്. ഇത് അന്യായമാണെന്നും നിയമപരമായി നേരിടുമെന്നും ഉഷ പറഞ്ഞു. കോടികണക്കിനുള്ള സ്വത്തിൽ നിന്ന് തനിക്ക് 5 സെന്റുപോലും ലഭിച്ചിട്ടില്ലെന്നും ആവശ്യമായ തെളിവ് തന്റെ പക്കലുണ്ടെന്നും ഉഷ പറയുന്നു.