ചാത്തന്നൂർ: കെ എസ് ആർടിസി ജീവനക്കാരെ ആൽക്കഹോളിക് ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 319ജീവനക്കാർക്കെതിരെ മദ്യപിച്ച് ഡ്യൂട്ടിയ്ക്ക് എത്തിയതിന് നടപടി എടുത്തു. 304 പേർ മദ്യപിച്ച് കൃത്യനിർവഹണത്തിലേർപ്പെട്ടവരും 15 പേർ മദ്യപിച്ച ശേഷം ഡിപ്പോകളിലെ വിശ്രമ മുറികളിൽ തങ്ങിയവരുമാണ്. വിദൂര ജില്ലകളിലേയ്ക്കുള്ള സ്ഥലം മാറ്റമായിരുന്നു ഇവർക്കുള്ള ശിക്ഷാ നടപടി.
2023-24 വർഷത്തിലാണ് കെ എസ് ആർടിസി 20 ആൽക്കഹോളിക് ബ്രീത്ത് അനലൈസർ വാങ്ങിയത്. 38012 .52 രൂപ നിരക്കിൽ 760 250 രൂപ ചിലവാക്കിയാണ് ഇത് വാങ്ങിയത്. എന്നാൽ ബ്രീത്ത് അനലൈസറിനെക്കുറിച്ച് ജീവനക്കാർക്കിടയിൽ വ്യാപകമായ പരാതിയും ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കോതമംഗലം ഡിപ്പോയിൽ 40 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ എല്ലാവരും മദ്യപിച്ചതായി തെളിഞ്ഞു. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത ആളും ഈ പട്ടികയിൽപ്പെട്ടതോടെ പ്രശ്നമായി. ഒടുവിൽ പരിശോധനയ്ക്ക് എത്തിയവരെ പരിശോധിച്ചപ്പോൾ അവരും മദ്യപിച്ചതായി ബ്രീത്ത് അനലൈസർ പ്രഖ്യാപിച്ചു.
ബ്രീത്ത് അനലൈസർ തെറ്റായ റീഡിംഗ് ആണ് വ്യക്തമാക്കുന്ന തെന്നാണ് ജീവനക്കാരുടെ ആക്ഷേപം. എന്നാൽ പരിശോധനയിൽ നിന്ന് പിന്നോട്ടില്ലെന്ന് വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് എത്തിയ തൊഴിലാളി സംഘടനാ നേതാവിനെതിരെ യാതൊരു ശിക്ഷാനടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.