ഗാസ: ഗാസയിലെ അൽ-അഖ്സ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ആശുപത്രിയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ സംഘം ഈ ആക്രമണത്തിനു സാക്ഷികളാണെന്നും ടെഡ്രോസ് എക്സിൽ കുറിച്ചു. സംഘർഷസമയത്തു രോഗികൾക്കും ആരോഗ്യവിദഗ്ധർക്കും സഹായ പ്രവർത്തകർക്കും സംരക്ഷണം നൽകാനും ആശുപത്രികൾക്കുനേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ടെഡ്രോസ് വീണ്ടും അഭ്യർഥിച്ചു.
ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും സൈനികവത്കരണവും അവസാനിപ്പിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടണം. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം അനുസരിക്കണമെന്ന് ടെഡ്രോസ് അഭ്യർഥിച്ചു.