നേമം: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ രണ്ടുപേര്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാലയും കമ്മലും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരും രൂപയും മോഷ്ടിച്ചു.
ശാന്തിവിള കുരുമി റോഡില്‍ കരടിയോട് ഇടവഴിയില്‍ രമ്യ ഉണ്ണികൃഷ്ണ(36)ന്റെ വീട്ടിലെത്തിയ സംഘമാണ് കഴുത്തില്‍ കത്തി വച്ച് മോഷണം നടത്തിയത്.
ഇന്നലെ വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ പുറത്ത് നിന്ന രമ്യയോട് തണുത്ത വെള്ളം ചോദിച്ചു.
അകത്ത് കയറിയ രമ്യയെ പുറകില്‍ നിന്നുമെത്തിയ യുവാക്കള്‍ കഴുത്തില്‍ കത്തി വെച്ച ശേഷം ശബ്ദമുണ്ടാക്കിയാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന മാലയും കമ്മലും ഊരി വാങ്ങുകയായിരുന്നു.
പിന്നീട് മുറിക്കുള്ളില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. തീയറ്റര്‍ ജീവനക്കാരനായ രമ്യയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ജോലിക്ക് പോയിരിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ അമ്മയും രമ്യയുടെ മകനും സംഭവസമയത്തിന് കുറച്ച് സമയം മുമ്പേ പുറത്തേയ്ക്ക് പോവുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയ യുവാക്കളുടെ കൈവശം ഹെല്‍മറ്റും കയ്യില്‍ ബാഗുമുണ്ടായിരുന്നു തമിഴും മലയാളവും കലര്‍ന്നാണ് സംസാരമായിരുന്നു ഇവരുടേത്. പോലീസ് അന്വേഷണം തുടങ്ങി.