കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനെ തുടര്‍ന്ന് കേന്ദ്രഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കള്ളക്കടത്ത് ഏജന്റുമാര്‍ ഉടമകളെ കബളിപ്പിച്ച് കോടികളുടെ സ്വര്‍ണം തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍.
വിദേശത്തുനിന്ന് സ്വര്‍ണം അനധികൃതമായി കടത്തുന്നതിന് വേണ്ടി യഥാര്‍ഥ ഉടമകള്‍ ഏജന്റുമാരെയാണ് ഏല്‍പ്പിക്കുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചും മറ്റുമാര്‍ഗങ്ങളിലും സ്വര്‍ണം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിക്കുന്നത് ഇത്തരം ഏജന്റുമാരുടെ തന്ത്രങ്ങള്‍ പ്രകാരമായിരുന്നു.
എന്നാല്‍ പരിശോധന കര്‍ശനമാക്കിയതോടെ കടത്തുന്നതില്‍ ഭൂരിഭാഗം സ്വര്‍ണവും പിടികൂടാന്‍ തുടങ്ങി. ഇതോടെ ഏജന്റുമാര്‍ക്കുള്ള വരുമാനവും കുറഞ്ഞു തുടങ്ങി.
ഈ സാഹചര്യത്തിലാണ് ഉടമകളില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം അവ ഇന്ത്യയിലേക്ക് അയയ്ക്കാതെ തട്ടിപ്പുനടത്തുന്ന രീതി ഏജന്റുമാര്‍ ആരംഭിച്ചതെന്നാണ് കേന്ദ്രഏജന്‍സികള്‍ പറയുന്നത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) , കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, എയര്‍ കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ പുതിയ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്.
ഒരു മാസത്തിനിടെ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ ആറു സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി.
രഹസ്യവിവരം കിട്ടുന്പോൾ
കാരിയര്‍മാര്‍ വഴി എത്തുന്ന സ്വര്‍ണത്തിനൊപ്പം ഇപ്പോള്‍ കൂടുതലായുള്ളത് വെള്ളിയും മറ്റു ലോഹ മിശ്രിതങ്ങളുമാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ രഹസ്യമായി അന്വേഷണം നടത്തി.
ഇത്തരത്തില്‍ കൂടുതല്‍ ലോഹ മിശ്രിതം പിടികൂടുന്ന കേസുകളിലെല്ലാം വിദേശത്തുനിന്നാണ് ഏജന്‍സികള്‍ക്ക് രഹസ്യവിവരം എത്തുന്നത്. വിവരം ലഭിച്ച ഉടന്‍ അർധരാത്രിയിലും മറ്റും ഏജന്‍സികള്‍ പരിശോധനക്കെത്തുകയും ചെയ്യും.
രഹസ്യവിവരപ്രകാരമുള്ള കാരിയറെ പരിശോധിച്ചാല്‍ അനധികൃതമായി കള്ളക്കടത്ത് നടത്തുന്നതായി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പിടികൂടുന്ന സ്വര്‍ണം രഹസ്യവിവരം ലഭിച്ചതിനേക്കാള്‍ കുറവായിരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കേന്ദ്രഏജന്‍സികള്‍ക്ക് ചതി മനസിലാവുന്നത്.
ഉടമകളെ തെറ്റിദ്ധരിപ്പിക്കും
പിടികൂടിയ സ്വര്‍ണം കേന്ദ്രഏജന്‍സികള്‍ മുക്കുന്നുവെന്നാണ് ഏജന്റുമാര്‍ ഉടമകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഇതോടെ ബോധ്യമായി. പിടിച്ചെടുത്ത യഥാര്‍ഥ സ്വര്‍ണത്തിന്റെ വിവരം പുറത്തുവിടാതെ കേന്ദ്രഏജന്‍സികള്‍ അവ രഹസ്യമാക്കി വയ്ക്കുകയാണെന്നും
പകരം വെള്ളിയും മറ്റും കടത്തിയതായി രേഖകളുണ്ടാക്കുകയാണെന്നും ഏജന്റുമാര്‍ യഥാര്‍ഥ ഉടമകളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് . സ്വര്‍ണത്തിന് പകരം മറ്റു ലോഹങ്ങള്‍ കടത്തുന്നതിലൂടെ ഏജന്റുമാര്‍ കോടികളുടെ വരുമാനമാണുണ്ടാക്കുന്നതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
പരിശോധന വീഡിയോയിൽ
കേന്ദ്രഏജന്സികള്ക്കെതിരേ നടക്കുന്ന നീക്കത്തെ തുടര്‍ന്ന് പരിശോധന പൂര്‍ണമായും ഇപ്പോള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇന്നലെയും സമാനമായ രീതിയില്‍ തട്ടിപ്പുനടന്നിട്ടുണ്ട്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാംസ്വര്ണവും 400ഗ്രാം വെള്ളിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
അതേസമയം മുഴുവനും സ്വര്‍ണവുമായാണ് കാരിയര്‍ എത്തുന്നതെന്നായിരുന്നു ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് വടകര കല്ലാച്ചി സ്വദേശി വയല്‍കുനി നസീറിനെ (32) പിടികൂടിയെങ്കിലും ഏജന്റുമാര്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് നസീര്‍ പറയുന്നത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. രാജന്റെ നിര്‍ദേശപ്രകാരം, സൂപ്രണ്ടുമാരായ പ്രവീണ്‍ കുമാര്‍, കെ.കെ. സന്തോഷ് ജോണ്‍, ഇന്‍സ്പെക്ടര്‍മാരായ എം. പ്രതീഷ് , ഇ. മുഹമ്മദ് ഫൈസല്‍ , ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി സ്വര്‍ണവും വെള്ളിയും പിടികൂടിയത്.