കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
ജിദ്ദയിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കുറുന്പലങ്കോട് പി.മുഹമ്മദ്, ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കട്ടിപ്പാറ അബ്ദുൾ ജബ്ബാർ മുഹമ്മദ് ഹനീഫ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
848 ഗ്രാം സ്വർണ സ്തൂപമാണ് മുഹമ്മദിൽനിന്ന് കണ്ടെടുത്തത്. വാതിലിന്റെ പൂട്ടിനുളളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണ സ്തൂപം പൂട്ടിനുളളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. വാതിൽ പൂട്ട് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്താനായത്.
ശരീരത്തിൽ ഒളിപ്പിച്ചാണ് അബ്ദുൾ ജബ്ബാർ സ്വർണം കടത്തിയത്. ഇയാളിൽ നിന്ന് 449 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. രണ്ടു പൊതികളിലായാണ് സ്വർണമുണ്ടായിരുന്നത്. രണ്ടു യാത്രക്കാരിൽ നിന്നായി 1.2 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
പിടികൂടിയ സ്വർണത്തിന് 60 ലക്ഷം രൂപ വിലലഭിക്കും. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്. ആദ്യം സ്വർണക്കടത്ത് നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
കോവിഡ് 19 നെ തുടർന്ന് കസ്റ്റംസിന് യാത്രക്കാരുടെ ബാഗും ദേഹ പരിശോധനയും നടത്താൻ ഏറെ സമയമെടുക്കുന്നുണ്ട്. അതീവ കരുതലോടെയാണ് പരിശോധന. തിരുവനന്തപുരം സ്വർണക്കടത്ത് അന്വേഷണം തുടരുന്നതിനിടെ തന്നെ കരിപ്പൂരിൽ സ്വർണക്കടത്ത് വർധിക്കുകയാണ്.