മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വർണാഭരണങ്ങളുമായി തലശേരി പൊന്ന്യം സ്വദേശിനി കസ്റ്റംസ് പിടിയിൽ.
ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തലശേരി പൊന്ന്യം സ്വദേശിനി റുബീനയിൽ നിന്നാണ് 813 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്.
വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് സ്വർണം ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്.
റുബീന ധരിച്ച വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. മാല, വള തുടങ്ങിയവയാണ് കടത്താൻ ശ്രമിച്ചത്. യാത്രക്കാരിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്.അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, കൂവൻ പ്രകാശൻ, ഇൻസ്പെക്ടർമാരായ രാമചന്ദ്രൻ, നിഖിൽ, അശ്വിന, സുരേന്ദ്ര, പങ്കജ്, ഓഫീസ് സ്റ്റാഫ് ശിശിര, അസിസ്റ്റന്റുമാരായ ലിനീഷ്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.