കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഏഴ് വര്‍ഷത്തിന് ശേഷം നാല് പ്രതികളുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ടി.കെ. ഫായിസ്, അഷ്റഫ് കല്ലുങ്കല്‍, വൈ.എം. സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ പേരിലുള്ള 1.84 കോടി രൂപ വിലവരുന്ന സ്വത്താണ് കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്.
ഫായിസിന്റെ ഭാര്യയുടെ വടകരയിലുള്ള വീട്, അഷ്റഫ്, സുബൈര്‍, അബ്ദുല്‍റഹീം എന്നിവരുടെ പേരില്‍ കോഴിക്കോട്ടുള്ള ഫ്ലാറ്റ്, സ്ഥലം എന്നിവയും ഫെഡറല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുണ്ടായിരുന്ന 85.15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. 98.85 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റും സ്ഥലവും.
2013ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരിഫ ഹാരിസ്, ആസിഫ് വീര എന്നിവരെ ഉപയോഗിച്ച് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സി. മാധവന്റെ സഹായത്തോടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്.
ഇരുവരും കടത്തിയ 20 കിലോ സ്വര്‍ണം 2013 മാര്‍ച്ച് 19ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 2013 ഒക്ടോബറിലും ഇവരെ ഉപയോഗിച്ച് 56 കിലോ സ്വര്‍ണം ദുബൈയില്‍നിന്ന് കടത്തിയിരുന്നു
. സിബിഐയുടെയും ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസില്‍ അന്വേഷണമാരംഭിച്ചത്. അഷ്റഫ് കല്ലുങ്കലിനായി ദുബൈയില്‍നിന്ന് ടി.കെ. ഫായിസാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസും ഇഡിയും കണ്ടെത്തിയിരുന്നു.
17.86 കോടി രൂപയുടെ സ്വര്‍ണം കടത്തിയപ്പോള്‍ 1.83 കോടി രൂപയുടെ നികുതിപ്പണം നഷ്ടമുണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പത്ത് ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്ന് ശതമാനം സെസും ചേര്‍ത്താണിത്.