നിശാന്ത് ഘോഷ്
കണ്ണൂർ: ക്രിസ്മസ്, പുതുവത്സരം, വിഷു, ഓണം, ബക്രീദ് ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ ജനപ്രതിനിധികളും സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും സർക്കാർ ചെലവിൽ ആശംസാ കാർഡുകൾ അച്ചടിച്ച് അയയ്ക്കുന്നരീതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനം.
വിശേഷദിവസങ്ങളിൽ മന്ത്രിമാർ, എംഎൽഎമാർ, വകുപ്പു മേധാവികൾ, പൊതുമേഖല, അർധസർക്കാർ, തദ്ദേശസ്വയംഭരണ വകുപ്പു മേധാവികൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ സർക്കാർ സംവിധാനത്തിൽ ആശംസാ കാർഡുകൾ അച്ചടിപ്പിച്ച് ഓഫീസ് സെക്ഷനുകളിൽ അയയ്ക്കുന്ന രീതിയാണ് അവസാനിപ്പിച്ചത്.
ആശംസാ കാർഡുകളുടെ അച്ചടി, തപാൽച്ചെലവ് തുടങ്ങിയ ഇനത്തിൽ പ്രതിവർഷം സർക്കാരിനു ഭീമമായ ചെലവ് വരുന്നുണ്ട്. ചെലവു ചുരുക്കലിന്റെയും കടലാസിൽ അച്ചടിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി കോട്ടവും കണക്കിലെടുത്താണ് ഈ രീതി അവസാനിപ്പിക്കുന്നത്.
വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി മാർഗങ്ങൾ ആശംസകൾ അറിയിക്കാൻ നിലവിലുണ്ടെന്നിരിക്കെ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിച്ച് അയച്ചുനൽകുന്നതിന്റെ ആവശ്യമില്ലെന്ന് പൊതുഭരണ (രഹസ്യ വിഭാഗം) വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇനി ആശംസകൾ അയച്ചേ മതിയാകൂവെന്ന നിർബന്ധബുദ്ധിയുള്ള എൻഐസി ഐഡിയുള്ളവരാണെങ്കിൽ egreetings.gov.in പോർട്ടലിലൂടെ ആശംസാസന്ദേശം അയച്ചാൽ മതിയെന്നും അച്ചടി ആശംസ വിലക്കിയുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ല