തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും വിസി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗവർണറുടെ നടപടി സംബന്ധിച്ച് സർക്കാർ നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയാക്കാനാണ് ഗവർണർമാരായിട്ടുള്ള ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്.
കാവിവൽക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാർ കാവിവൽക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തികൊണ്ടിരിക്കുന്നത്. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.