കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെയും പാക്കത്ത് പോളിന്റെയും വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ന് രാവിലെയാണ് ആദ്യം അജീഷിന്റെ വീട്ടിലും തുടര്‍ന്ന് പോളിന്റെ വീട്ടിലും ഗവര്‍ണര്‍ എത്തിയത്. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് നാട്ടുകാരിൽനിന്നും പരാതിയും സ്വീകരിച്ചു.
നേരത്തേ വരണമെന്നു വിചാരിച്ചതാണ്. പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് ഗവർണർ വയനാട്ടിൽ എത്തിയത്. മാനന്തവാടി ബിഷപ്സ് ഹൗസില്‍ ബിഷപ് മാർ ജോസ് പൊരുന്നേടവുമായി ഗവർണർ കൂടിക്കാഴ്ച നടത്തും.
കർഷക സംഘടനാ പ്രതിനിധികളെയും ഗവർണർ കാണും. വൈകിട്ടോടെ വിമാനമാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും.ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.