സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തരമേഖലയില്‍ ഗുണ്ടകളെ തളയ്ക്കാന്‍ പോലീസ് നടപടി.
തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണ്ടകള്‍ക്കെതിരേ മധ്യകേരളത്തില്‍ ഓപ്പറേഷന് റേഞ്ചര്‍ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വടക്കന്‍ കേരളത്തിലും പരിശോധന നടത്താനാണ് തീരുമാനം.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മുഴുവന്‍ ഗുണ്ടകളുടേയും രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളുടെയും വിവരങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
അതത് പോലീസ് ജില്ലകളിലെ സ്പെഷല്‍ ബ്രാഞ്ച് ഗുണ്ടാസംഘങ്ങളുടെ പൂര്‍ണവിവരങ്ങളും ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങളും ഒളിതാവളങ്ങളുമുള്പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ച് തയാറാക്കിയത്. ഉത്തരമേഖലാ ഐജിയുടെ ഉത്തരവ് വന്നാലുടന്‍ പരിശോധന ആരംഭിക്കും.
ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നേരത്തെ ക്രൈം സ്ക്വാഡുകള്‍ സജീവമായി നിലയുറപ്പിച്ചിരുന്നെങ്കിലും പിന്നീട് നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിന് സാധിച്ചില്ല. ലോക്ക്ഡൗണിന് ശേഷം ജയിലിലുള്ള പ്രതികള്‍ക്ക് പരോള്‍ ലഭിച്ചതോടെ ഗുണ്ടാസംഘങ്ങള്‍ വീണ്ടും ശക്തപ്രാപിച്ചു.
കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തി സംഘം വിപുലീകരിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഗുണ്ടാസംഘങ്ങളെ പല രീതിയിലും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുള്പ്പെടെ കൊള്ളപലിശക്കാര്‍ ഉപയോഗിക്കുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വാഹന വായ്പാ തവണകള്‍ മുടങ്ങിയാലും മറ്റും ഇത്തരത്തിലുള്ള ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുകയാണ് പതിവ്. വാടക കുടിശിക വാങ്ങാനും ഇത്തരത്തിലുള്ള സംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്. ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഇവര്‍ക്ക് നല്‍കും. ഈ സംഘങ്ങളുടേതുള്പ്പെടെ മുഴുവന്‍ ഗുണ്ടാസംഘങ്ങളേയും പോലീസ് നിരീക്ഷിച്ചുവരികയാണ്.