ലണ്ടൻ: ഡാർക്ക് വെബ് വഴി ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ പാസ്വേഡും രഹസ്യവിവരങ്ങളും വിൽപന നടത്തിയിരുന്ന “ജെനസിസ് മാർക്കറ്റി’ന് പൂട്ടിട്ട് ലോക പോലീസ്.
“ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ എന്ന പേരിൽ ലോകത്തെ 200 സ്ഥലങ്ങളിൽ നടന്ന റെയ്ഡുകൾക്കൊടുവിൽ 120 പേർ അറസ്റ്റിലായി.
തട്ടിപ്പുകാരും ഹാക്കർമാരും കൈവശപ്പെടുത്തിയ വ്യക്തിവിവരങ്ങളും പാസ്വേഡുകളും പൊതുജനം കടന്നുവരാത്ത ഇന്റർനെറ്റിന്റെ ഇരുണ്ട മേഖലയായ ഡാർക്ക് വെബ് വഴി വിൽപന നടത്തിയിരുന്ന വിപണി വെബ്സൈറ്റാണ് ജെനസിസ് മാർക്കറ്റ്.
പലപ്പോഴും ഒരു യുഎസ് ഡോളറിന് താഴെയുള്ള വിലയ്ക്കാണ് മാർക്കറ്റിലൂടെ പാസ്വേഡുകൾ തട്ടിപ്പുകാർക്ക് വിറ്റിരുന്നത്.
ബുധനാഴ്ച രാവിലെയാണ് അമേരിക്ക, യുകെ, ഓസ്ട്രേലിയ, നെതർലൻഡ്സ് അടക്കമുള്ള രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ തെരച്ചിലും വെബ്സൈറ്റ് തകർക്കലും നടത്തിയത്.
ജെനസിസ് വെബ്സൈറ്റ് പിടിച്ചെടുത്ത അന്വേഷണ ഏജൻസികളുടെ എത്തിക്കൽ ഹാക്കർമാർ വെബ്സൈറ്റിൽ ഈ വിവരം രേഖപ്പെടുത്തുകയും ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ എന്ന് ആലേഖനം ചെയ്യുകയും ചെയ്തു.
80 മില്യൺ പാസ്വേഡുകളും വിരലടയാള രേഖകളുമാണ് ജെനസിസ് മാർക്കറ്റിൽ ശേഖരിച്ചുവച്ചിരുന്നത്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരായ ഇന്റർനെറ്റ് ഉപയോക്താക്കളുടേതായിരുന്നു.
ഓപ്പൺ നെറ്റിലും സേവനങ്ങൾ ലഭ്യമാക്കിയിരുന്ന ജെനസിസ്, ഉപയോക്താക്കൾ ബാങ്ക്, സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലേക്ക് ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന അതേ ലൊക്കേഷനും ഐപി അഡ്രസും വ്യാജമായി സൃഷ്ടിച്ചാണ് നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചിരുന്നത്.
ഇതിനാൽ തട്ടിപ്പുകാർ അക്കൗണ്ടുകളിൽ കയറുന്നത് പലപ്പോഴും ഉപയോക്താക്കൾ അറിയാറില്ല.