ജറുസലേം: വേണ്ടിവന്നാൽ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ആയുധ കൈമാറ്റം നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ഏക ജൂത രാഷ്ട്രമായ ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഇസ്രയേൽ ഒറ്റയ്ക്കു നിൽക്കാൻ നിർബന്ധിതരായാൽ, ഒറ്റയ്ക്കുതന്നെ നിൽക്കുമെന്നു ഞാൻ ജറുസലേമിൽനിന്നു പ്രതിജ്ഞ ചെയ്യുന്നു.
എന്നാൽ ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾക്കറിയാം. കാരണം ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളെ വംശഹത്യ ചെയ്യുന്ന ശത്രുക്കളെ ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു’ -നെതന്യാഹു പറഞ്ഞു.